Idukki local

പൊങ്കല്‍ ഉല്‍സവത്തിന് ഒരുങ്ങി തോട്ടം- അതിര്‍ത്തി മേഖല

മുഹമ്മദ്  അന്‍സാരി

വണ്ടിപ്പെരിയാര്‍: പൊങ്കല്‍ ഉല്‍സവത്തിന് ഒരുങ്ങി തോട്ടം മേഖലയും ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളും. പൊങ്കല്‍ ആഘോഷത്തിനു മധുരം പകരാന്‍ കഴിഞ്ഞ ദിവസം മുതല്‍ അതിര്‍ത്തി കടന്ന് കരിമ്പ് എത്തിത്തുടങ്ങി. മലയാളികള്‍ക്ക് ഓണം പോലെ പ്രധാനപ്പെട്ടതാണ് തമിഴ് ജനതയ്ക്ക് പൊങ്കല്‍. ശനിയാഴ്ച്ച വൈകീട്ട് മുതലാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കല്‍ ഉല്‍സവത്തിനു തുടക്കമാവുന്നത്. ദ്രാവിഡ ജനതയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് പൊങ്കല്‍. തമിഴ് ജനതയുടെ പുതുവര്‍ഷത്തിനൊപ്പം കൊയ്ത്ത് ഉല്‍സവുമായാണ് തൈ മാസത്തില്‍ പൊങ്കല്‍ ആഘോഷിക്കുന്നത്. പൊങ്കല്‍ നാലു ദിവസങ്ങളായിട്ടാണ് ആഘോഷിക്കുക. പോകി പൊങ്കല്‍, വീട്ട് പൊങ്കല്‍, മാട്ട് പൊങ്കല്‍, കാണും പൊങ്കല്‍ എന്ന പേരുകളിലായിട്ടാണ് അറിയപ്പെടുന്നത്. ആദ്യ ദിവസമായ പോകി പൊങ്കല്‍ ദിവസം പഴയ വസ്തുക്കള്‍ എല്ലാം കത്തിച്ച് വീട് വൃത്തിയാക്കും. വീട്ട് പൊങ്കലാണ് ഏറ്റവും പ്രധാനം. തമിഴ് പുതുവര്‍ഷത്തിലെ തൈമാസം ഒന്നാംതിയ്യതിയാണ് ഇത്. അന്ന് സൂര്യന്‍ ഉദിക്കുന്ന ദിശയിലേക്ക് വീടിന് പുറത്തുവച്ച് പൊങ്കല്‍ ഇട്ട് അത് തിളച്ച് തൂകി വരണം എന്നാണ് വിശ്വാസം. മാട്ട് പൊങ്കല്‍ ദിവസം പശുവിനെ കുളിപ്പിച്ച് വിവിധ നിറത്തിലുള്ള ചായം തേച്ച് പൊങ്കാലയിട്ട് പശുക്കള്‍ക്ക് സമര്‍പ്പിക്കും. പശുക്കള്‍ക്ക് നന്ദി അറിയിക്കുകയാണ് ഇതിലൂടെ. നാലാം ദിനമായ കാണും പൊങ്കല്‍ ദിവസം ബന്ധുക്കളെ കണ്ട് മധുര പലഹാരങ്ങള്‍ നല്‍കി ആഘോഷിക്കുന്ന ചടങ്ങാണ്. ഇതിന് അടുത്ത ദിവസമാണ് ജല്ലിക്കെട്ട് എന്ന പേരില്‍ കാളപ്പോര് നടത്തുന്നത്. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ 20 കിലോമീറ്റര്‍ അകത്തായി സ്ഥിതിചെയ്യുന്ന അലങ്കാനെല്ലൂര്‍ ഗ്രാമത്തിലാണ് ഏറ്റവും പ്രധാന ജല്ലിക്കെട്ട് കേന്ദ്രം. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി വീടുകളുടെ വാതില്‍ കാപ്പുകെട്ട്. ശനിയാഴ്ച്ച വൈകുന്നേരം വീടുകളിലെ പ്രധാന വാതിലില്‍ കെട്ടും. കാപ്പ് കെട്ടുന്നതോടെ ആഘോഷത്തിനു തുടക്കമാവും. മാവ്, വേപ്പ്, അവാരം പൂവ്, തെരണ്ട്, ചൂളപ്പൂവ് എന്നിവ ഉപയോഗിച്ചാണ് കാപ്പ് തയ്യാറാക്കുന്നത്. ഞായറാഴ്ച്ച രാവിലെ പൊങ്കല്‍ ഭക്ഷണശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കില്ല. വൈകുന്നേരം മരണാനന്തര പൂജകള്‍ക്ക് ശേഷം വീട്ടുമുറ്റത്ത് വരച്ച കോലത്തിന് കരിമ്പ് കെട്ടി പുതിയ മണ്‍കലത്തില്‍ പൊങ്കല്‍ പാകം ചെയ്യും. പൊങ്കല്‍ ഭക്ഷണം എല്ലാ കുടുംബങ്ങളും ഒന്നിച്ച് ഇരുന്ന് കഴിക്കും. തിങ്കളാഴ്ചയാണ് മാട്ടുപൊങ്കല്‍. പൊങ്കല്‍ ഐശ്വര്യത്തിനു വേണ്ടിയാണ് ആഘോഷിക്കുന്നതെങ്കിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ആഘോഷങ്ങള്‍. തോട്ടം മേഖലയില്‍ ഇതിന് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it