ernakulam local

പൊക്കാളിക്കൃഷി പഠിക്കാന്‍ കര്‍ണാടക സംഘം വൈപ്പിനില്‍



വൈപ്പിന്‍: പൊക്കാളി ക്യഷിയെപ്പറ്റി പഠിക്കുന്നതിനും കര്‍ഷകരുമായി ആശയവിനിമയം നടത്തുന്നതിനുമായി കര്‍ണാടകയിലെ കുംതയില്‍ നിന്നും കര്‍ഷകരും ഉദ്യോഗസ്ഥരും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തി. ബ്ലോക്ക് പരിധിയില്‍ പൊക്കാളികൃഷി നടത്തുന്ന കര്‍ഷകരും കര്‍ണാടകയില്‍ നിന്നുള്ള കര്‍ഷകരും കാര്‍ഷിക അനുഭവങ്ങള്‍ പങ്കുവച്ചു.കര്‍ഷകരെ വൈപ്പിന്‍ ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റ് ചെയര്‍മാന്‍ പി വി ലൂയീസ്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, വൈസ് പ്രസിഡന്റ് കെ എ ശിവന്‍, പഞ്ചായത്ത് അംഗം പോള്‍സന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. കര്‍ഷക സംഗമം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കര്‍ണാടക കര്‍ഷകരെ പൊന്നാട ചാര്‍ത്തി ആദരിച്ചു. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്ന് കൃഷിപാടങ്ങളിലേക്ക് ഉപ്പു കൂടുതലായി കയറികൊണ്ടിരിക്കുകയാണ്. ഉപ്പിനെ പ്രതിരോധിക്കുന്ന കൃഷിരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഠനയാത്ര. ഇതുവഴി കാര്‍ഷിക ടൂറിസം വികസനവും ലക്ഷ്യമാക്കുന്നുണ്ട്.കര്‍ഷകര്‍ക്കൊപ്പം എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ഡോ. ജി എന്‍ ഹരിഹരന്‍ ദയാനന്ദം, എം കെ നന്ദനകുമാര്‍, ധാര്‍വാര്‍ എന്നിവരും അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍മാരായ ജി വി നായക്, എം ജി ഹന്നാ മറാട്ടി എന്നിവരും കര്‍ണാടക കൃഷി ഉദ്യോഗസ്ഥരായ മുത്തുഗൗഡ, മോഹനരാജ്, ശിവകുമാര്‍ എന്നിവരും വൈപ്പിന്‍ ബ്ലോക്ക് പരിധിയിലെ കൃഷി ഓഫിസര്‍മാരായ ജി ജി ജോസഫ്, അനുജ ജോര്‍ജ്, ചാരുമിത്ര എന്നിവരും വിവിധ കര്‍ഷക പ്രതിനിധികളും പൊക്കാളി പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുന്നതിലും കര്‍ഷക സമ്മേളനത്തിലും പങ്കെടുത്തു.
Next Story

RELATED STORIES

Share it