പൈലറ്റുമാരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടണം

പാരിസ്: കഴിഞ്ഞ വര്‍ഷമുണ്ടായ ജര്‍മന്‍വിങ്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൈലറ്റുമാരുടെ ആരോഗ്യം സംബന്ധിച്ച രഹസ്യ സ്വഭാവത്തില്‍ അയവുവരുത്താന്‍ ഫ്രഞ്ച് അന്വേഷണസംഘം ആഹ്വാനം ചെയ്തു. വിമാന ദുരന്തത്തിന് ആഴ്ചകള്‍ക്കു മുമ്പ് സഹ വൈമാനികന്‍ ആന്‍ഡ്രിയാസ് ലുബിറ്റ്‌സിനോട് മനശ്ശാസ്ത്ര ആശുപത്രിയില്‍ ചികില്‍സ തേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും വിമാനക്കമ്പനി ഇക്കാര്യത്തില്‍ ജാഗ്രത കാണിച്ചില്ലെന്നും ദുരന്തം അന്വേഷിച്ച ഫ്രഞ്ച് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (ബിഇഎ) പുറത്തുവിട്ട അന്തിമ അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2015 മാര്‍ച്ച് 24ന് ഫ്രഞ്ച് ആല്‍പ്‌സിലെ പര്‍വതമേഖലയിലുണ്ടായ ദുരന്തത്തില്‍ വിമാനത്തിലെ 150 പേരാണ് കൊല്ലപ്പെട്ടത്. സഹവൈമാനികന്‍ ലുബിറ്റ്‌സ് വിമാനം മനപ്പൂര്‍വം താഴ്ത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായും ഡോക്ടര്‍മാര്‍ ഇക്കാര്യം പുറത്തുവിടാന്‍ തയ്യാറായില്ലെന്നും ഏജന്‍സി റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പൊതു സുരക്ഷയ്ക്കു ഭീഷണിയാവുന്നുവെന്നു കണ്ടാല്‍ രഹസ്യസ്വഭാവം ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ അതിന് വ്യക്തമായ ചട്ടങ്ങള്‍ കൊണ്ടുവരണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. ആരോഗ്യത്തെ സംബന്ധിച്ച സ്വയം പ്രസ്താവനയിലൂടെ പൈലറ്റുമാര്‍ക്ക് അവരുടെ രോഗാവസ്ഥ മറച്ചുവയ്ക്കാന്‍ സാധിക്കുമെന്നു റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. 2014 ഡിസംബറില്‍ ലുബിറ്റ്‌സ് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും എന്നാല്‍, ഈ വിവരങ്ങള്‍ ജര്‍മന്‍ വിങ്‌സ് അധികൃതര്‍ക്ക് കൈമാറിയില്ലെന്നും അന്വേഷണ മേധാവി അര്‍നോഡ് ഡെസ്ജാര്‍ദിന്‍ പറഞ്ഞു. പൈലറ്റുമാരെ കൂടുതല്‍ കര്‍ശനമായ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.
മാനസികവും മനോരോഗ പരവുമായ കാര്യങ്ങളില്‍ പതിവ് പരിശോധനയും അന്വേഷണസംഘം ആവശ്യപ്പെടുന്നു. എന്നാല്‍, കോക്ക് പിറ്റ് നിയമത്തില്‍ ഭേദഗതികളൊന്നും നിര്‍ദേശിച്ചിട്ടില്ല.
Next Story

RELATED STORIES

Share it