kozhikode local

പൈപ്പ് പൊട്ടി പാഴാവുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം



വടകര : വേനല്‍ കാലങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടില്‍ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴാവുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം. വടകര നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങളിലായാണ് പൈപ്പുകൊള്‍ പൊട്ടി വെള്ളം പാഴാകുന്നത്. ദിവസങ്ങളോളമായി വെള്ളം പാഴായി പോകുന്ന കാഴ്ചയും വടകരയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. മേപ്പയില്‍ നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ട് റോഡ്, കോട്ടപറമ്പ-റെയില്‍വെ സ്റ്റേഷന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൈപ്പ് പൊട്ടി റോഡ് മുഴുവന്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതില്‍ മേപ്പയില്‍ റോഡില്‍ കഴിഞ്ഞ ഒരു മാസമായി പൈപ്പ് പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ സെഞ്ച്വറി ലോഡ്ജിന് മുന്‍വശത്ത് പൊട്ടിയ പൈപ്പ് ഒരാഴ്ച മുമ്പ് വാട്ടര്‍ അതോറിറ്റി ജീവനക്കാരെത്തി റിപ്പയര്‍ ചെയ്തിരുന്നു. എന്നാല്‍ റിപ്പയര്‍ ചെയ്ത് രണ്ടാം ദിവസം വീണ്ടും പൊട്ടി. തുടര്‍ന്ന് സമീപത്തെ കച്ചവടക്കാരന്‍ വിളിച്ചറിയച്ചത് മൂലം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും കഴിഞ്ഞ ദിവസത്തോടെ വീണ്ടും പൊട്ടിയിരിക്കുയാണ്. ഈ പൈപ്പില്‍ നിന്നും ഒഴുകുന്ന ലിറ്റര്‍ കണക്കിന് വെള്ളം റോഡിലൂടെ തൊട്ടടുത്ത ഓടയിലേക്കാണ് പോകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണം ജനപ്രതിനിധികളടക്കം കഴിഞ്ഞ വേനല്‍ കാലത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വേനല്‍ കാലമാവുന്നതോടെ കടുത്ത കുടിവെള്ള ക്ഷാമമാണ് വടകരയില്‍ നേരിടാറുള്ളത്. മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ ഗുളികപ്പുഴയിലേക്ക് വന്‍ തോതില്‍ കടല്‍വെള്ളം കയറിയത് മൂലം ഉപ്പുകലര്‍ന്ന വെള്ളവുമാണ് വിതരണം ചെയ്തതും. ഇൗ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ വാട്ടര്‍ അതിറോറ്റിക്ക് കഴിയാത്ത സാഹചര്യത്തിലാണ് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നത്. ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പഴക്കം ചെന്നതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. തകരാര്‍ പരിഹരിച്ചിട്ടും വീണ്ടും വെള്ളം പാഴാകുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പലയിടങ്ങളിലും പൈപ്പ് പൊട്ടിയത് അധികൃതരെ അറിയിച്ചിട്ടും പരിഹാരം കാണാനെത്താത്തത് അതോറിറ്റി ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിനും കാരണമാവുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് കാരണം തീരദേശവാസികളാണ് കൂടുതല്‍ പ്രയാസത്തിലാവുന്നത്. ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവര്‍. രണ്ടോ അതില്‍ കൂടുതല്‍ ദിവസങ്ങളോ വെള്ളം മുടങ്ങിയാല്‍ കുടിവെള്ളം മുട്ടിപ്പോകുന്ന അവസ്ഥയാണ് ഇവിടെ. അതേസമയം പൈപ്പ് പൊട്ടല്‍ പ്രശ്‌നം കരാറുകാരുടെ തലയില്‍ കെട്ടിവച്ച് വാട്ടര്‍ അതോറിറ്റി തടിതപ്പുകയാണെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it