Kottayam Local

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; കുലുക്കമില്ലാതെ വാട്ടര്‍ അതോറിറ്റി

തലയോലപ്പറമ്പ്: വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതര്‍ക്കു കുലുക്കമില്ല. തലയോലപ്പറമ്പ് പഞ്ചായത്ത് 15ാം വാര്‍ഡില്‍പ്പെടുന്ന ഇളംകാവ് മുട്ടുങ്കല്‍ റോഡില്‍ ചക്കുങ്കല്‍ ഭാഗത്താണ് പൈപ്പ് പൊട്ടി കുടിവെളളം പാഴാവുന്നത്.
വെള്ളമൊഴുകി സമീപ പുരയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ പ്രതീതി ജനിപ്പിച്ചിട്ടും നടപടികളൊന്നും ആയിട്ടില്ല. വടയാര്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. കുടിവെള്ളം പാഴാവുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്കു പൈപ്പ് വെള്ളം കിട്ടാക്കനിയാവുന്ന അവസ്ഥയാണ്. രണ്ടു മാസം മുമ്പാണ് റോഡ് ടാറിങ് നടത്തി സഞ്ചാര യോഗ്യമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന റോഡ് കൂടിയാണിത്.
ആരാധനാലയം, ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള വഴിയും ഈ റോഡിനു സമീപമാണ്. പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞു കവിയുന്നത് മൂലം റോഡും സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ വെള്ളക്കെട്ടുമൂലം നശിക്കുമെന്ന ഭീതിയിലാണു ജനങ്ങള്‍. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒട്ടേറെ വീട്ടുകാരുടെ കുടിവെള്ളമാണ് ഇല്ലാതാവുന്നത്. കടുത്ത വേനല്‍ച്ചൂടില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണു ലക്ഷക്കണക്കിനു ലിറ്റര്‍ ജലം പാഴാവുന്നത്.
കിണറുകളും കുളങ്ങളും വറ്റിവരണ്ട അവസ്ഥയില്‍ ഏക ആശ്രയം പൈപ്പ് വെള്ളം മാത്രമാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ അധികാരികള്‍ യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് പൈപ്പ് പൊട്ടലിനു കാരണമാവുന്നതെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

Next Story

RELATED STORIES

Share it