kannur local

പൈതല്‍മലയിലേക്കുള്ള സഞ്ചാരനിരോധനം പിന്‍വലിച്ചില്ല

കണ്ണൂര്‍: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍മലയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്നു. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാര വകുപ്പ് പ്രവേശനം നിരോധിച്ചത്. സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രം കൂടിയാണിത്. പശ്ചിമഘട്ടത്തില്‍ നാലായിരത്തിലധികം അടി ഉയരത്തിലുള്ള പൈതല്‍മലയില്‍നിന്നുള്ള ദൂരക്കാഴ്ച അവിസ്മരണീയ അനുഭവമാണ്. നൂറിലധികം കുടിയേറ്റ പട്ടണങ്ങള്‍ കാന്‍വാസിലെന്ന പോലെ കാണാം. അറബിക്കടലും ഏഴിമല നാവിക അക്കാദമിയും ഉള്‍പ്പെടെയും വീക്ഷിക്കാം. വേനലാവുന്നതോടെ സഞ്ചാരികളുടെ പ്രവാഹമാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സഞ്ചാരികള്‍ ഏറെയും ഇവിടെ എത്താറുള്ളത്. കിലോമീറ്ററുകള്‍ വിസ്തൃതിയില്‍ ഉണങ്ങിയ പുല്‍മേടാണ് ആകര്‍ഷണീയമായ മലയിലെ കാഴ്ച. എന്നാല്‍ തീപ്പേടിയാണ് അധികൃതരെ അലട്ടുന്നത്. പുല്‍മേടില്‍ ഒരുഭാഗം കത്തിക്കഴിഞ്ഞു. ഇവിടെ കല്ലും മറ്റുമേ കാണാനുള്ളൂ. മറുഭാഗത്തും പുല്ല് ഉണങ്ങിയ നിലയിലുണ്ട്. എപ്പോഴാണ് തീ പടരുകയെന്ന ആശങ്കയിലാണു സഞ്ചാരികള്‍. സഞ്ചാരികള്‍ മനപ്പൂര്‍വം തീയിടുന്നുമുണ്ട്. സിഗരറ്റ് കുറ്റിയും മറ്റും അലക്ഷ്യമായി പുല്ലിലേക്ക് വലിച്ചെറിയുന്നത് തീപ്പിടിത്തത്തിന് കാരണമാവുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ അനിശ്ചിതകാലത്തേക്ക് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിവേദനം നല്‍കി. അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് റേഞ്ച് ഓഫിസില്‍ അടിയന്തരയോഗം വിളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it