Kottayam Local

പേസ്‌മേക്കര്‍ നല്‍കുന്നത് നിര്‍ത്തിവച്ചു; രോഗിയുടെ ചികില്‍സ മുടങ്ങി

ആര്‍പ്പുക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്‌രോഗ ചികില്‍സയ്ക്കുള്ള പേസ് മേക്കര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗിയുടെ ചികില്‍സ മുടങ്ങി. ചേര്‍ത്തല സ്വദേശി അശോകന്റെ (62) ചികില്‍സയാണ് മുടങ്ങിയത്.
ഹൃദയമിടിപ്പ് വളരെ കൂടുതലായ അശോകന്റെ ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനാണ് പേസ് മേക്കര്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പേസ് മേക്കര്‍ നല്‍കാന്‍ അനുമതി ലഭിച്ചെങ്കിലും ഇത് ആശുപത്രിയ്ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് കോടിക്കണക്കിനു രൂപാ സര്‍ക്കാര്‍ നല്‍കാനുള്ളതിനാല്‍ പേസ് മേക്കര്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്നാണ് അശോകനു ചികില്‍സ മുടങ്ങിയത്. സ്്‌റ്റെന്റ്, പേസ് മേക്കര്‍ എന്നിവ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക്  സ്വകാര്യ കമ്പനിയാണ് നല്‍കുന്നത്. നിലവില്‍ ഇൗയിനത്തില്‍ 70 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നു കമ്പനികള്‍ക്ക് നല്‍കാനുണ്ട്.
25 കോടിയിലധികം രൂപ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു തന്നെ നല്‍കാനുണ്ട്. 1.40 ലക്ഷം രൂപയാണ് ഒരു പേസ്‌മേക്കറിന്റെ വില. ഇത് ആശുപത്രിയില്‍ സ്റ്റോക്ക് ചെയ്യുന്നവയല്ല.
ഹൃദ്‌രോഗികള്‍ക്ക് പേസ് മേക്കര്‍ ആവശ്യമായി വരുമ്പോള്‍ മാത്രം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം രോഗി അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇതു അനുവദിക്കപ്പെടുമ്പോള്‍ മാത്രമാണ് പേസ് മേക്കര്‍ എത്തിക്കുന്നത്. അശോകന്‍ കാരുണ്യ പദ്ധതി പ്രകാരം അപേക്ഷ നല്‍കുകയും പേസ് മേക്കര്‍ നല്‍കുന്നതിന് അനുമതി ലഭിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പേസ് മേക്കര്‍ ആശുപത്രിയ്ക്ക് കൊടുത്ത ഇനത്തില്‍ കമ്പനിക്ക് കോടിക്കണക്കിന് രൂപാ കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ പേസ് മേക്കര്‍ ആശുപത്രി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ 20 കോടി രൂപാ കാരുണ്യ പദ്ധതിയിലെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ട്രഷറിയില്‍ നിന്നും നടപടി പൂര്‍ത്തികരിച്ച് പണം കൈപ്പറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ പണം ഏതൊക്കെ കമ്പനികള്‍ക്കാണ് നല്‍കേണ്ടതെന്ന നിര്‍ദേശം കൂടി ലഭിച്ചെങ്കില്‍ മാത്രമേ സ്വകാര്യ കമ്പനികളുടെ കുടിശ്ശിക സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളൂ.
Next Story

RELATED STORIES

Share it