പേഴ്‌സനല്‍ സ്റ്റാഫ് 25 പേരായി നിജപ്പെടുത്തിയേക്കും

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്്റ്റാഫുകളുടെ എണ്ണം 25 പേരില്‍ക്കൂടരുതെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ചെലവുചുരുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നപ്പോഴാണ് പേഴ്‌സനല്‍ സ്റ്റാഫുകളുടെ എണ്ണം അധികരിക്കരുതെന്ന നിര്‍ദേശമുയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേരുന്ന മന്ത്രിസഭായോഗത്തിലാവും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുക. പേഴ്‌സനല്‍ സ്റ്റാഫുകളുടെ പ്രായം 60 വയസ്സിന് മുകളിലാവരുതെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കണമെന്ന അഭിപ്രായം നല്ലതാണെന്നും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് 25നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാവും. ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകള്‍ പിണറായി വിജയന്‍ തന്നെ കൈവശം വച്ചേക്കുമെന്നാണു സൂചന. ധനകാര്യം തോമസ് ഐസക്കിനു ലഭിക്കും. മുന്‍ വൈദ്യുതി-പട്ടികജാതി-ക്ഷേമ—മന്ത്രിയായ ബാലന് അതേ വകുപ്പുകള്‍ ലഭിച്ചേക്കും. ആര്‍എസ്പി മുന്നണിയിലില്ലാത്ത സാഹചര്യത്തില്‍ അവര്‍ നേരത്തെ വഹിച്ച വകുപ്പുകള്‍ ആര്‍ക്കു നല്‍കണമെന്ന കാര്യത്തിലും തീരുമാനമെടുക്കും. നേരത്തെ കൈവശംവച്ചിരുന്ന വകുപ്പുകള്‍ മാറ്റിനല്‍കണമെന്ന അഭിപ്രായവുമായി സിപിഐ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങളൊഴിവാക്കി ലളിതമായി നടത്താനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദിനും ഡിജിപി ടിപി സെന്‍കുമാറിനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. 30,000 പേര്‍ക്ക് ഇരിക്കാനാവുന്ന വേദിയാണ് തയ്യാറാക്കുന്നത്. രണ്ടാം തവണയാണ് ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ ഒഴിവാക്കി സെന്‍ട്രല്‍ സ്‌റ്റേഡിയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേദിയാവുന്നത്. 2006ലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയാണ് രാജ്ഭവന്‍ ഒഴിവാക്കി ചരിത്രം സൃഷ്ടിച്ചത്. അന്ന് 19 അംഗ മന്ത്രിസഭയില്‍ 17 പേര്‍ ആദ്യം സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറി. സത്യപ്രതിജ്ഞയ്ക്കായി ഭരണ പ്രതിപക്ഷ നേതാക്കളെകൂടാതെ ബംഗാളിലെയും ത്രിപുരയിലെയും നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രനേതാക്കള്‍ക്കും ക്ഷണമുണ്ട്. 1,500 പോലിസുകാരെ— സെക്രട്ടേറിയറ്റിലും പരിസരത്തുമായി വിന്യസിക്കും. ഡിജിപിയുടെയും സിറ്റി പോലിസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തി. എഡിജിപിയുടെ നേതൃത്വത്തില്‍ നാല് എസ്പിമാര്‍ക്കാണ് സുരക്ഷാച്ചുമതല.
Next Story

RELATED STORIES

Share it