പേരെഴുതിച്ചേര്‍ത്ത് ഈ പ്രതിഭകള്‍

എം എം സലാം

കോഴിക്കോട്: പുതിയ റെക്കോഡുകള്‍ താണ്ടുക വഴി ദേശീയ സ്‌കൂള്‍ കായിക ചരിത്രത്തില്‍ തങ്ങളുടെ പേരുകള്‍ ആദ്യദിനം എഴുതിച്ചേര്‍ത്തത് രണ്ടു കൗമാര പ്രതിഭകളിലൂടെയായിരുന്നു. 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദേശീയ റെക്കോഡ് മലയാളി താരം അനുമോള്‍ തമ്പി നേടിയപ്പോള്‍ മറ്റൊന്ന് പഞ്ചാബി താരത്തിലൂടെയായിരുന്നു. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജാവ്‌ലിന്‍ ത്രോയില്‍ പഞ്ചാബിന്റെ അര്‍ഷ്ദീപ് സിങുമാണ് മെഡലുകള്‍ വാരിയെടുത്തതോടൊപ്പം തന്നെ റെക്കോഡ് പുസ്തകത്തിലും ഇടംപിടിച്ചത്.
സംസ്ഥാന കായികമേളയിലെ പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും അനുമോള്‍ തന്നെയായിരുന്നു ഇന്നലെ മേളയുടെ മനം കവര്‍ന്നത്. 9:47.19 സെക്കന്റിലായിരുന്നു അനുമോളുടെ ഫിനിഷ്. 2008ല്‍ കൊല്‍ക്കത്തയില്‍ ഉത്തര്‍പ്രദേശിന്റെ റിതു ദിനകര്‍ സ്ഥാപിച്ച 10:00.03 സെക്കന്റിന്റെ റെക്കോഡാണ് അനുമോളുടെ കുതിപ്പില്‍ പഴങ്കഥയായത്. ഈയിനത്തില്‍ വെള്ളിയും കേരളം സ്വന്തമാക്കി. 10:13.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത കെആര്‍ ആതിരക്കാണ് വെള്ളി. വെങ്കലം 10:35.71 സെക്കന്റില്‍ ഓടിയെത്തിയ ഹിമാചലിന്റെ സീമക്ക് വെങ്കലവും ലഭിച്ചു.
പിതാവിന്റെ സംരക്ഷണയില്ലാതെ വളര്‍ന്ന അനുമോളെ അമ്മ ഷൈനി സ്‌കൂളില്‍ കഞ്ഞിവച്ചും സാമ്പത്തിക പരാധീനത മൂലം 17ാം വയസ്സില്‍ പഠിത്തം ഉപേക്ഷിച്ച് ടൈല്‍സ് ജോലിക്കിറങ്ങിയ സഹോദരന്‍ ബേസിലും ചേര്‍ന്നാണ് സംരക്ഷിച്ചു വരുന്നത്. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടിലാണ് അനുമോളുടെ കുടുംബം ഇ്‌പ്പോഴും കഴിയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍സില്‍ സ്വര്‍ണ്ണവും യുത്ത് നാഷണല്‍സില്‍ വെള്ളിയും ജൂനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ അനുമോള്‍ തമ്പി ദോഹയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ യൂത്ത് മീറ്റില്‍ വെങ്കലവും നേടിയിട്ടുണ്ട്.
68.12 മീറ്റര്‍ ദൂരം എറിഞ്ഞ് അര്‍ഷ്ദീപ് സിംഗ് 2013ല്‍ ഉത്തര്‍പ്രദേശ് താരം അഭിഷേക് സിംഗ് സ്ഥാപിച്ച 67.98 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ അര്‍ഷദ് ഫീല്‍ഡിലേക്കിറങ്ങിയിട്ട് അധികമൊന്നുമായിട്ടില്ലെങ്കിലും തുടക്കം മുതല്‍ എറിഞ്ഞ മത്സരങ്ങളിലെല്ലാം സ്വര്‍ണവും, വെള്ളിയും വീഴ്ത്തിയാണ് ഇത്തവണ ദേശീയ മല്‍സരങ്ങള്‍ക്കെത്തിയത്.
Next Story

RELATED STORIES

Share it