Alappuzha local

പേരുകള്‍ നീക്കം ചെയ്യും

ആലപ്പുഴ: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും വലുതായി രേഖപ്പെടുത്തിയിട്ടുള്ള പേരുവിവരങ്ങള്‍ നീക്കം ചെയ്യുമെന്നു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു. പേര് നീക്കം ചെയ്യുന്ന നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മിതികളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് ഇക്കാര്യം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പു വേളയില്‍ ചുമരെഴുത്തു പോലെ പ്രചാരണമാര്‍ഗമായി ഇത് ഉപയോഗിക്കുന്നുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോളിങ് ബൂത്തായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളിലും സമീപത്തും ജനപ്രതിനിധികളുടെ പേര് വലിയ അക്ഷരങ്ങളില്‍ കാണപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു കാലമാവുമ്പോള്‍ ഇവ പുതുക്കി എഴുതുന്ന പ്രവണത കണക്കിലെടുത്താണ് ചീഫ് ഇലക്ടറല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നത്. ജനങ്ങളുടെ പൊതുസ്വത്തില്‍ ജനപ്രതിനിധികളുടെ പേര് വലിയ അക്ഷരത്തില്‍ സൂചിപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
പ്രത്യേക സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പു കാലത്ത് ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാറില്ലായിരുന്നു. ഈ ആവശ്യം മുന്‍പും ചീഫ് സെക്രട്ടറിക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it