wayanad local

പേരില്‍ മാത്രം മലയാളം നിര്‍ബന്ധിത പാഠ്യവിഷയം : പിഎസ്‌സി ലിസ്റ്റ് പ്രഹസനമാക്കുന്നു



കല്‍പ്പറ്റ: എച്ച്എസ്എ മലയാളം ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഇതുവരെ നടക്കാത്ത തസ്തിക മാറ്റ പരീക്ഷയ്ക്കായി ഒഴിവുകള്‍ മാറ്റിവയ്ക്കുന്നു. കാലഹരണപ്പെട്ട നിയമം മൂലം ജോലി ലഭിക്കാതെ അവസരം നഷ്ടപ്പെടുന്നത് നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്. തസ്തികമാറ്റ പരീക്ഷയ്ക്കുള്ള വിജ്ഞാപനം അടുത്ത കാലത്താണ് ഇറങ്ങിയത്. ഇതിനായി ഒഴിവുകള്‍ പിടിച്ചുവയ്ക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. സര്‍വീസിലുള്ളവര്‍ക്കു വേണ്ടി വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണിതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഒഴിവുകള്‍ മാറ്റിവയ്ക്കുന്നതിനു പുറമെ സര്‍വീസിലുള്ളവരെ തിരുകിക്കയറ്റാന്‍ കെ-ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. പിഎസ്‌സി പോലും കെ-ടെറ്റ് നിര്‍ബന്ധമാക്കി. എന്നാല്‍, സര്‍വീസിലുള്ളവര്‍ക്ക് പ്രത്യേക ഇളവ് നല്‍കുന്നതാണ് ഉത്തരവ്. സര്‍വീസ് സംഘടനകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുകയാണ്. തസ്തികമാറ്റത്തിനായി എച്ച്എസ്എ മലയാളത്തിന്റെ മൂന്ന് ഒഴിവുകള്‍ പിഎസ്‌സി ജില്ലാ ഓഫിസില്‍ മാറ്റിവച്ചിട്ടുണ്ട്. തസ്തികമാറ്റ പരീക്ഷയും തുടര്‍നടപടികളും പൂര്‍ത്തിയാവാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും വേണം. വകുപ്പിനുള്ളില്‍ തന്നെ ശതമാനക്കണക്കിന് തസ്തികമാറ്റ നിയമനം നടത്തിയതിന് ശേഷമാണ് പിഎസ്‌സിയില്‍ നിന്ന് തസ്തികമാറ്റത്തിന് അയക്കുന്നത്. സാധാരണ തസ്തിക മാറ്റ ഒഴിവുകള്‍ക്ക് തനത് ലിസ്റ്റ് ഇല്ലെങ്കിലും നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താറാണ് പതിവ്. എന്നാല്‍, ജില്ലയില്‍ പരീക്ഷ പോലും നടത്താത്ത സാഹചര്യത്തിലാണ് ഒഴിവുകള്‍ മാറ്റിവച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ തസ്തികമാറ്റത്തിന് 30 ശതമാനം മാത്രമാണ് നീക്കിവച്ചതെങ്കിലും വിദ്യാഭ്യാസവകുപ്പില്‍ അത് 70 ശതമാനമാണ്. ഭാഷാവിഷയങ്ങള്‍ക്ക് പിഎസ്‌സി ലിസ്റ്റില്‍ നിന്നു നിയമനം നടത്തുന്നത് വെറും 30 ശതമാനം മാത്രമാണ്. മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ മാറ്റിവച്ച തസ്തികമാറ്റ ഒഴിവുകള്‍ നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്നു നികത്തണമെന്ന് എച്ച്എസ്എ മലയാളം റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എച്ച്എസ്എ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2017 ഏപ്രില്‍ 11നാണ്. ഇതിനുശേഷം വയനാട് വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒമ്പത് ഒഴിവുകള്‍ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ മൂന്നെണ്ണം മാത്രമാണ് പിഎസ്‌സി ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടിയത്. അതില്‍ തന്നെ രണ്ടു ഒഴിവുകളില്‍ മാത്രമാണ് നിയമന ശുപാര്‍ശ അയച്ചത്. തസ്തികമാറ്റത്തിന് ഒഴിവ് മാറ്റിവച്ചതുപോലെ സംവരണ ലിസ്റ്റില്‍ നിലവിലില്ലാത്തവര്‍ക്കു പകരം ജനറല്‍ ലിസ്റ്റില്‍ നിന്നു നിയമനം നടത്താനും അധികൃതര്‍ തയ്യാറാവുന്നില്ല. പുതിയ മലയാളം എച്ച്എസ്എ ലിസ്റ്റില്‍ ഭിന്നശേഷിക്കാരായ ആരുമില്ല. എന്നാല്‍, ഈ തസ്തികയില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇനി വരുന്ന രണ്ടു ലിസ്റ്റുകളില്‍ കൂടി ഭിന്നശേഷിക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ ഈ ഒഴിവില്‍ ജനറല്‍ ലിസ്റ്റില്‍ നിന്നു നിയമനം നടത്തുകയുള്ളൂ. ഇതിന് 10 വര്‍ഷമെങ്കിലും കഴിയണം. ഈ സ്ഥിതിക്കു മാറ്റമുണ്ടാവണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
Next Story

RELATED STORIES

Share it