Flash News

പേരിനു മാത്രം ചില പോലിസ് അന്വേഷണങ്ങള്‍

പേരിനു മാത്രം ചില പോലിസ് അന്വേഷണങ്ങള്‍
X
ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 3


കെ എ സലിം

അന്വേഷണസംഘം 17 സൈനികര്‍, അന്ന് സൈന്യത്തിനൊപ്പമുണ്ടായിരുന്ന രണ്ട് പോലിസ് കോണ്‍സ്റ്റബിള്‍മാര്‍, സാക്ഷികളായ 12 പേര്‍, ബലാല്‍സംഗത്തിനിരയായ 22 സ്ത്രീകള്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍, കുപ് വാര ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എം യാസീന്‍ അന്ദറാബി എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. 1991 മാര്‍ച്ച് 15, 21 തിയ്യതികളിലായി 33 സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റിട്ടുണ്ടെന്നും ശരീരത്തില്‍ മുറിവുകളുണ്ടെന്നും ഇതെല്ലാം ബലാല്‍സംഗത്തില്‍ നിന്നുണ്ടാവുന്നതാണെന്നും ഈ മെഡിക്കല്‍ റിപോര്‍ട്ടിലുണ്ടായിരുന്നു.



അതോടൊപ്പം പുരുഷന്‍മാരുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമുള്ള പൊള്ളല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പീഡനത്തിനിരയായതായി വ്യക്തമാക്കുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. സാക്ഷിമൊഴികളും മെഡിക്കല്‍ രേഖകളും എല്ലാമുണ്ടായിട്ടും ഇതൊന്നും കേസിന് മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടി സപ്തംബര്‍ 23ന് കുപ്‌വാര പോലിസ് സൂപ്രണ്ടിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കേസ് അവസാനിപ്പിച്ചു.

സംഭവം ഇരകള്‍ റിപോര്‍ട്ട് ചെയ്യാന്‍ വൈകിയതിനാല്‍ ആരോപണം സംശയകരമാണെന്നും ഇതോടൊപ്പമുള്ള കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരകള്‍ ബലാല്‍സംഗം ചെയ്ത സൈനികരെ തിരിച്ചറിഞ്ഞില്ലെന്നായിരുന്നു മറ്റൊന്ന്. എന്നാല്‍ കേസില്‍ ഒരു അന്വേഷണസംഘവും തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ലെന്ന് മാത്രമല്ല, അതിന് മുതിര്‍ന്ന അന്വേഷണസംഘത്തില്‍ നിന്ന് കേസ് എടുത്തു മാറ്റുകയും ചെയ്തു. കുറ്റം ചെയ്ത സൈനികര്‍ തിരക്കിലായതുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്നായിരുന്നു പോലിസ് പറഞ്ഞ തമാശ.

22 വര്‍ഷത്തിനു ശേഷം 2013ല്‍ കേസില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ പരിഹരിക്കാനാവാത്ത കേസുകളുടെ ഗണത്തില്‍ കുനാന്‍ പോഷ്‌പോരയെയും ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. 2004ല്‍ ഇരകളില്‍ ചിലര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തൊട്ടടുത്ത വര്‍ഷം മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ബഷീറുദ്ദീന്‍ ഡിജിപിയില്‍ നിന്ന് റിപോര്‍ട്ട് തേടി.

2010ന് പോലിസ് മനുഷ്യാവകാശ കമ്മീഷന് കൊടുത്ത റിപോര്‍ട്ട് ബലാല്‍സംഗം, പീഡനം തുടങ്ങിയവ നടന്നതായി സമ്മതിക്കുന്നു. ഇതുസംബന്ധിച്ച മെഡിക്കല്‍ റിപോര്‍ട്ടുകളും പോലിസ് ഹാജരാക്കി. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ 4 രജപുത്താന റൈഫിള്‍സിന്റെയും റിപോര്‍ട്ട് തേടി. പിന്നീട് കമ്മീഷന്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ അന്വേഷണത്തില്‍ ഇടപെടലുകള്‍ നടന്നതായി കണ്ടെത്തി. പ്രോസിക്യൂഷന്‍ ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാനും കേസ് വീണ്ടും അന്വേഷിക്കാനും ഇരകള്‍ക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. പോലിസ് കേസ് വീണ്ടും തുറന്നെങ്കിലും അന്വേഷണമുണ്ടായില്ല. നഷ്ടപരിഹാരവും കിട്ടിയില്ല.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് തൊട്ടുപിന്നാലെ 2013 മാര്‍ച്ചില്‍ 50 സ്ത്രീകള്‍ ചേര്‍ന്ന് പോലിസ് നടപടിക്കെതിരേ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കി. ഇതറിഞ്ഞ പോലിസ് ഉടന്‍ തന്നെ കേസ് അവസാനിപ്പിച്ച് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ റിപോര്‍ട്ട് നല്‍കി. ഇതിനെതിരേ ഇരകള്‍ എതിര്‍ ഹരജിയും സമര്‍പ്പിച്ചു. കൂടുതല്‍ പണം കിട്ടാനാണ് കേസുമായി വരുന്നതെന്ന് ആരോപിച്ച് ചീഫ് പ്രോസിക്യൂട്ടിങ് ഓഫിസര്‍ അതിനെ എതിര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പായില്ലെന്ന് ഇരകള്‍ ചൂണ്ടിക്കാട്ടി. പോലിസിന്റെ റിപോര്‍ട്ട് തള്ളിയ കോടതി തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

പക്ഷേ, പോലിസ് പേരിനൊരു അന്വേഷണമാണ് നടത്തിയത്. ഇരകളുടെ മൊഴിയെടുക്കല്‍ പോലുമുണ്ടായില്ല. എന്നിട്ടും 2015 ജനുവരിയില്‍ സൈന്യം ഹൈക്കോടതിയില്‍ നിന്ന് അന്വേഷണത്തിന് സ്‌റ്റേ വാങ്ങി. ഇതു സംബന്ധിച്ച വാദത്തിനിടെ നഷ്ടപരിഹാരം നല്‍കാത്തത് നഷ്ടപരിഹാര അതോറിറ്റി പണം അനുവദിക്കാത്തത് കൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരേ ഇരകള്‍ നല്‍കിയ അപ്പീല്‍ ഹരജി ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

1991 ഫെബ്രുവരി 23ന് രാത്രി യുവതികളിലൊരാളെ സൈന്യം കൂട്ടബലാല്‍സംഗം ചെയ്യുമ്പോള്‍ അവരുടെ പ്രായപൂര്‍ത്തിയാവാത്ത മകളെയും അതേ മുറിയില്‍ സൈനികര്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കുന്നുണ്ടായിരുന്നു. അവളുടെ ജനനേന്ദ്രിയം തകര്‍ന്നു. കടുത്ത രോഗങ്ങളുമായാണ് പിന്നെയുള്ള കാലം അവള്‍ ജീവിച്ചത്. ബലാല്‍സംഗത്തിനും പീഡനത്തിനും ഇരയായവരില്‍ ഭൂരിഭാഗം പേര്‍ക്കും പിന്നീട് സാധാരണ ജീവിതം സാധ്യമായില്ല. അണുബാധമൂലം നിരവധി സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കംചെയ്തു. ഒരു പെണ്‍കുട്ടിക്ക് 15 വര്‍ഷം രക്തസ്രാവമുണ്ടായി. സംഭവത്തിനു ശേഷം ഗ്രാമം തന്നെ ഒറ്റപ്പെട്ടുപോയി. സ്ത്രീകള്‍ ഗ്രാമത്തിനു പുറത്തുവരാതായി. ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധ്യതയുള്ള പലരും അക്കൂട്ടത്തിലുണ്ടായിരുന്നെങ്കിലും അവരാരും അതിന് തയ്യാറായില്ല.

പോലിസിന് കൊടുത്ത മൊഴികളിലൊന്നില്‍ സൈന്യത്തിന്റെ ക്രൂരത ഗ്രാമവാസിയായ അബ്ദുല്‍റഹ്മാന്‍ ദര്‍ പറയുന്നുണ്ട്. എന്നെയവര്‍ തൊട്ടടുത്തുള്ള ധാന്യപ്പുരയിലേക്ക് കൊണ്ടുപോവുമ്പോള്‍ അടുത്ത വീടുകളില്‍ നിന്ന് സ്ത്രീകളുടെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. അവരെന്നെ നഗ്നനാക്കി. തലയില്‍ മുളകുവെള്ളമൊഴിച്ചു. തുടര്‍ന്ന് ഓരോ അഞ്ചുമിനിറ്റിലും അത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നെ മുളകുവെള്ളം നിറച്ച ബക്കറ്റിലേക്ക് മുഖം പിടിച്ചു താഴ്ത്തി. എവിടെയാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. എന്നിക്കൊന്നും അറിയുമായിരുന്നില്ല.

ഒരു സൈനികന്‍ എന്നെ മുതുകില്‍ ചവിട്ടി നിലത്ത് വീഴ്ത്തി വേഗം പറയ് അല്ലെങ്കില്‍ കൊല്ലുമെന്ന് അലറി. ഞാന്‍ എപ്പഴേ മരിച്ചു പിന്നെയെന്തിന് ഞാന്‍ അറിയില്ലെന്ന് കള്ളം പറയണമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. കുപിതനായ സൈനികന്‍ ഒരു നീഡില്‍ എന്റെ ലിംഗത്തിലേക്ക് കുത്തിക്കയറ്റി അതില്‍ വൈദ്യുതി ലൈന്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. കടുത്ത ഷോക്കില്‍ ഞാന്‍ പിടഞ്ഞു. ഷോക്കടിപ്പിക്കല്‍ 20 മിനിറ്റോളം നീണ്ടു. ഗ്രാമത്തിലെ ഓരോ പുരുഷനും സമാനമായ പീഡനത്തിനിരയായി. പ്രായഭേദമില്ലാതെ ഓരോ സ്ത്രീയും ബലാല്‍സംഗത്തിനിരയായി.

കേസിലെ പ്രധാന ദൃക്‌സാക്ഷിയായിരുന്ന പോലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഗനി വൈകാതെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. 1993ല്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ഗനിയെ വെടിവച്ചു കൊല്ലുകയായിരുന്നു. കേസിന്റെ രേഖകള്‍ പലതും അപ്രത്യക്ഷമായി. ഭീതിയും ദുരൂഹതകളും കുനാന്‍ പോഷ്‌പോരയെ പിന്നീടൊരിക്കലും വിട്ടുപോയില്ല.

നാളെ: എനിക്കെങ്ങിനെയാണ് ഉറങ്ങാനാവുക

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 2
Next Story

RELATED STORIES

Share it