kannur local

പേരാവൂര്‍ ടൗണ്‍ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു

ഇരിട്ടി: പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്്‌ലിംലീഗ് പ്രതിനിധി പൂക്കോത്ത് സിറാജ് 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുര്‍ റഷീദിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1138 വോട്ടുകളില്‍ റഷീദിന് 360ഉം പൂക്കോത്ത് സിറാജിന് 742 ഉം ബിജെപി സ്ഥാനാര്‍ഥി പി കെ ആനന്ദിന് അഞ്ചും സ്വതന്ത്ര സ്ഥാനാര്‍ഥി കെ സിറാജിന് 31ഉം വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ടൗണ്‍ വാര്‍ഡ് കഴിഞ്ഞ തവണ പൂക്കോത്ത് സിറാജിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം എല്‍ഡിഎഫില്‍ നിന്ന് രാജിവച്ച് മുസ്്‌ലിം ലീഗില്‍ ചേര്‍ന്ന സിറാജ് പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ദാര്‍ഷ്ട്യത്തിനും ഭരണ കെടുകാര്യസ്ഥതയ്ക്കും ലഭിച്ച കനത്ത തിരിച്ചടിയാണ് പേരാവൂര്‍ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച സിറാജ് സിപിഎമ്മിന്റെ മതന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണതയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയും ലീഗില്‍ ചേരുകയുമായിരുന്നു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം പഞ്ചായത്ത് മെംബര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവച്ചാണ് ലീഗില്‍ വന്നത്. ഇതേത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് മിന്നുന്ന വിജയം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഭീഷണികളെയും അതിജീവിച്ച് നേടിയ വിജയത്തെ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരിയും അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it