Districts

പേരാവൂരിലെ പോര് ഇത്തവണ മുറുകും

പേരാവൂരിലെ പോര് ഇത്തവണ മുറുകും
X
pERAVOOR

സാദിഖ് ഉളിയില്‍

ഇരിട്ടി: മണ്ഡലം പുനര്‍നിര്‍ണയത്തിനു ശേഷം യുഡിഎഫിന്റെ സാധ്യതാ സീറ്റുകളിലൊന്നായി മാറിയ പേരാവൂരില്‍ ഇത്തവണ മല്‍സരത്തിന് ചൂടേറും. ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യുഡിഎഫ് കോട്ടകളില്‍ ഇളക്കമുണ്ടാക്കാന്‍ തന്നെയാണ് ഇടതുമുന്നണി നീക്കം.
യുഡിഎഫില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എംഎല്‍എ സണ്ണിജോസഫ് തന്നെയായിരിക്കും വീണ്ടും ജനവിധി തേടുകയെന്ന് എതാണ്ടുറപ്പായിട്ടുണ്ട്. കെപിസിസി തയ്യാറാക്കിയ അന്തിമ ലിസ്റ്റില്‍ സണ്ണിജോസഫ് എംഎല്‍എയുടെ പേര് മാത്രമേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളു. എല്‍ഡിഎഫില്‍ പേരാവൂര്‍ ആര്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. സിപിഎം തന്നെയാണ് മല്‍സരരംഗത്തെങ്കില്‍ കെ കെ ശൈലജയെ രംഗത്തിറക്കാനാണു സാധ്യത. ഘടകകക്ഷികളും ഈ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. സിപിഐ, എന്‍സിപി കക്ഷികളാണ് പേരാവൂരിനായി നോട്ടമിട്ടിട്ടുള്ളത്.
മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ നടന്ന ഒമ്പതു തിരഞ്ഞെടുപ്പില്‍ ഏഴു തവണയും വിജയം യുഡിഎഫിനൊപ്പമായിരുന്നു. 2006ല്‍ നഷ്ടപ്പെട്ട മണ്ഡലം 2011ല്‍ കെ കെ ശൈലജയെ 3440 വോട്ടിന് പരാജയപ്പെടുത്തിയാണ് സണ്ണിജോസഫ് തിരിച്ചുപിടിച്ചത്. പേരാവൂരിന്റെ ഭാഗമായിരുന്ന എല്‍ഡിഎഫ് സ്വാധീന കേന്ദ്രങ്ങളായിരുന്ന തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍, മട്ടന്നൂര്‍ നഗരസഭയും മട്ടന്നൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായത് പേരാവൂരില്‍ കഴിഞ്ഞ തവണ മുതല്‍ യുഡിഎഫിന് സുരക്ഷിത മണ്ഡലമാക്കിയിട്ടുണ്ട്. കൂടാതെ ഇരിട്ടി താലൂക്ക് രൂപീകരണം, റോഡ് വികസനം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വാഗ്ദാനം പാലിച്ചാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് എന്നതിനാല്‍ എതിരാളി ആരായാലും മണ്ഡലം തങ്ങളുടെ കൈ പിടിയില്‍ തന്നെയായിരിക്കുമെന്നാണു യുഡിഎഫ് ക്യാംപിലെ ആത്മവിശ്വാസം.
എന്നാല്‍ ജില്ലയിലെ കാര്‍ഷിക മേഖല എന്നറിയപ്പെടുന്ന പേരാവൂരില്‍ റബറിന്റെ വിലത്തകര്‍ച്ചയും കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് മലയോരത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളും കോണ്‍ഗ്രസിനു കര്‍ഷക സംഘടനാ നേതാവ് അഡ്വ. കെ ജെ ജോസഫിനെ പുറത്താക്കിയതും തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ആറളം, അയ്യംകുന്ന്, പായം, മുഴക്കുന്ന്, പേരാവൂര്‍, കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഭരിക്കുന്നത് എല്‍ഡിഎഫുമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് 8209 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയാണ് മേല്‍ക്കൈ. ഇരു മുന്നണികളെയും കൂടാതെ എസ്ഡിപിഐക്കും മണ്ഡലത്തില്‍ ചില മേഖലകളില്‍ ശക്തമായ സ്വാധീനമുണ്ട്. ഇത്തവണയും മണ്ഡലത്തില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it