പേരാമ്പ്രയില്‍ പനി മരണം മൂന്നായി; ആരോഗ്യ വകുപ്പ് രംഗത്ത്‌

പേരാമ്പ്ര: പനി ബാധിച്ച് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയില്‍ സഹോദരങ്ങളായ രണ്ടുപേര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മരിച്ചതിന് പിന്നാലെ കുടുംബത്തിലെ പനി ബാധിച്ചു ചികില്‍സയിലായിരുന്ന വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (50) കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.
വളച്ചുകെട്ടിയില്‍ മൂസ-മറിയം ദമ്പതികളുടെ മക്കളായ സ്വാലിഹ് (26), സഹോദരന്‍ സാബിത്ത് (23) എന്നിവരാണ് ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത്. മൂസയും (62) സ്വാലിഹിന്റെ ഭാര്യ ആത്തിഫ (19) എന്നിവരും മൂസയുടെ ജ്യേഷ്ഠന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയവും (50)  പനി ബാധിച്ചു കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഇന്നലെ മറിയം ഹജ്ജുമ്മയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കഴിഞ്ഞ ദിവസം സിവില്‍ എന്‍ജിനീയറായ സ്വാലിഹും ഒരാഴ്ച മുമ്പ് സഹോദരന്‍ സാബിത്തും പനി ബാധിച്ചു ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു. മെയ് 13നാണു സ്വാലിഹിനെ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യം പനിബാധിച്ച സാബിത്ത് നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടിയെങ്കിലും മെയ് 5നു മരിച്ചു. ഇവരുടെ ഇളയ സഹോദരന്‍ മുഹമ്മദ് സാലിം 2013ല്‍ കടിയങ്ങാട് ജങ്ഷനിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.
മൂസ-മറിയം ദമ്പതികള്‍ക്ക് വിദ്യാര്‍ഥിയായ മുത്തലിബ് എന്ന മകന്‍ മാത്രമെ മക്കളില്‍ അവശേഷിച്ചിട്ടുള്ളൂ. ഇതിനിടെ, കടുത്ത പ്രതിഷേധത്തിനൊടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്തെത്തി. തുടര്‍ന്ന്, വളച്ചുകെട്ടിയില്‍ വീട് പൂട്ടി സീല്‍ ചെയ്തു. പനിയെ കുറിച്ച് ബോധവല്‍ക്കരണവും നടത്തി. വൈറല്‍ പനിയാണെന്നും പകരാന്‍ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it