kozhikode local

പേരാമ്പ്രയില്‍ പനി ഭീതി; വൈറസ് ബാധയെന്നു നിഗമനം

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ പനി ബാധിച്ച് ഒരാഴ്ചക്കിടെ മരണം മൂന്നായതോടെ ജനം ഭീതിയില്‍. വൈറസ് അണുബാധ മൂലം മസ്തിഷ്‌കത്തിലും ഹൃദയത്തിലും ഉണ്ടായ സങ്കീര്‍ണ്ണതകളാണ് മരണം സംഭവിച്ചത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മണിപ്പാലില്‍ നിന്നുള്ള റിപോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഏത് വൈറസ് മൂലമാണ് രോഗബാധയുണ്ടായത് എന്ന് സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സൂചിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് ഭീതിയിലായ പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ മന്ത്രി ടി പി രാമകൃഷണന്‍ സര്‍വകക്ഷി യോഗം വിളിച്ചു. സൂപ്പികടയിലും പരിസരത്തും ഇന്നലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. പനിയെപ്പറ്റിആശങ്കപ്പെടേണ്ടെന്നും, പക്ഷേ കരുതല്‍ വേണമെന്നും നിര്‍ദേശിച്ചു. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.
ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുകയും പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ചെയ്യണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുകയും വേണമെന്നും നിര്‍ദേശിക്കുന്നു. സംഭവ സ്ഥലത്ത് നിന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അബ്ദുല്ല, ജാസ്മിന്‍, സാലിഹ, ജാബിര്‍, ജുമാന എന്നിവരാണ് മരിച്ച മറിയത്തിന്റെ മക്കള്‍.
പേരാമ്പ്രയില്‍ പനിബാധിച്ച് സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം  മന്ത്രി ടി പി രാമകൃഷണന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്തു. മരണം നടന്ന പ്രദേശത്ത് പരിശോധന നടത്താനും പനി പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ഉത്തരവിട്ടു.
മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് ജില്ലയിലെ മുഴുവന്‍ ആശുപത്രികളും പനി പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്നും ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യഥാസമയം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത, പബ്ലിക് ഹെല്‍ത്ത് അഡിഷനല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, സ്‌റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ തോമസ് ബീന, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. തുളസീധരന്‍, എച്ച്‌വണ്‍ എന്‍ വണ്‍ നോഡല്‍ ഓഫീസര്‍ ഡോ.മൈക്കിള്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. എ എസ് അനൂപ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it