Flash News

പേരറിവാളന്റെ ഹരജി തള്ളണമെന്ന് സിബിഐ

ന്യൂഡല്‍ഹി:  മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എ ജി പേരറിവാളന്റെ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രിംകോടതിയില്‍. പേരറിവാളന്‍ പ്രതിയാണെന്ന് ശരിവച്ച 1999 മെയ് 11ലെ കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജിയില്‍ ജനുവരി 24ന് കോടതി സിബിഐയുടെ പ്രതികരണം തേടിയിരുന്നു. ഇതിന് മറുപടിയായി സിബിഐ ഇന്നലെ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി വധത്തിന് കാരണമായ ഗൂഢാലോചനയില്‍ പേരറിവാളന്റെ പങ്ക് വ്യക്തമായതാണെന്നും മറ്റുള്ളവരുടെ പങ്ക് സുപ്രിംകോടതി ശരിവച്ചതാണെന്നുമാണ് രാജീവ് വധത്തിന്റെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി സിബിഐ രൂപീകരിച്ച മള്‍ട്ടി ഡിസിപ്ലിനറി മോണിട്ടറിങ് കമ്മിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തനിക്കെതിരേ കുറ്റം ചുമത്തിയ നടപടി ശരിവച്ച സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയതാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജിക്കാരന്റെ പങ്ക് വ്യക്തമായതിനാല്‍ നീതിയുടെ താല്‍പര്യം പരിഗണിച്ച് ഹരജി തള്ളണമെന്നാണ് സിബിഐയുടെ വാദം. സുപ്രിംകോടതിയില്‍ നടന്ന ‘വഞ്ചനാപരമായ കളിയാണ്’ തന്നെ കുറ്റവാളിയാക്കിയതിന് പിന്നിലെന്നാണ് പേരറിവാളന്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയത്.
19 വയസ്സുകാരനായിരുന്ന പേരറിവാളനെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെടുത്തി 1991 ജൂണിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവില്‍ ഉപയോഗിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്റെ രണ്ടു ബാറ്ററി വാങ്ങി നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റം. ഈ കുറ്റത്തിന് 26 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട് അദ്ദേഹം.
Next Story

RELATED STORIES

Share it