പേപ്പര്‍മില്‍ തടയണയുടെ അറ്റക്കുറ്റപ്പണിക്ക് സ്ഥിരം സംവിധാനമില്ല



പത്തനാപുരം: കല്ലടയാറ്റില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ  മുക്കടവിലുള്ള പേപ്പര്‍മില്‍ തടയണയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ ഉയരം വര്‍ധിപ്പിക്കുവാനോ നടപടികളില്ലെന്നാക്ഷേപം. വേനല്‍ കടുക്കുമ്പോള്‍ മാത്രമാണ് തടയണയെ കുറിച്ച് ആലോചിക്കുന്നത്. നാല് വര്‍ഷം മുമ്പ് അറ്റകുറ്റപണികളും ഉയരം കൂട്ടുന്നതിനുമായി തയ്യാറാക്കി സമര്‍പ്പിച്ച 30 ലക്ഷത്തിന്റെ പദ്ധതി തുടര്‍നടപടികളില്ലാതെ സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജിലാണ്. കാലേകൂട്ടി തുടര്‍ നടപടികളെടുത്തില്ലെങ്കില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കും. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ്‌കാര്‍ നിര്‍മിച്ച തടയണയാണ് വേണ്ടത്ര അറ്റകുറ്റപണികളില്ലാതെ നശിക്കുന്നത്.   തെന്മല പരപ്പാര്‍ ഡാം കവിഞ്ഞൊഴുകിയ 1992ലെ വെള്ളപ്പൊക്കത്തിലാണ് തടയണയുടെ മുകള്‍ഭാഗത്തെ രണ്ട് വരി കല്ലുകള്‍ ഇളകി പോയത്. 25 വര്‍ഷം പിന്നിട്ടിട്ടും ജനപ്രതിനിധികളും ഭരണാധികാരികളും തടയണയുടെ ഉയരം കൂട്ടാന്‍ നടപടികളെടുത്തിട്ടില്ല. ജപ്പാന്‍,കുണ്ടറ, പുനലൂര്‍ തുടങ്ങിയ വന്‍കിട കുടിവെള്ള പദ്ധതികളുടേയും നിരവധി ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കും ജലമെടുക്കുന്ന കല്ലടയാറ്റില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്തുന്ന തടയണയാണ് നാശത്തിന്റെ വക്കിലായത്.ഇപ്പോള്‍ എല്ലാ വര്‍ഷവും വേനല്‍ക്കാല പദ്ധതിയില്‍ നാലും അഞ്ചും ലക്ഷം രൂപ മുടക്കി ഒന്നോ രണ്ടോ അടി ഉയരത്തില്‍ മണല്‍ചാക്ക് അടുക്കുന്ന രീതിയാണ് നടക്കുന്നത്.  ഉദ്യോഗസ്ഥരുടെ നോമിനിയെ വച്ച് വേനല്‍ അവസാനിക്കുമ്പോഴേക്ക് ഇവിടെ നിന്നും തന്നെ മണല്‍ വാരി ചാക്കിലാക്കി പേരിന് നടപ്പിലാക്കും. രണ്ടാഴ്ച കഴിയുമ്പോഴത്തെ മഴവെള്ളത്തില്‍ ഇത് ഒലിച്ചും പോകും എന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ തട്ടിപ്പ് വര്‍ഷാവര്‍ഷം തുടര്‍ക്കഥയായി  നടക്കുന്നു.കഴിഞ്ഞ വേനലില്‍ സിവില്‍ സ്‌റ്റേഷനില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ നാല് വര്‍ഷം മുമ്പ് നല്‍കിയ പദ്ധതി തുടര്‍ നടപടിയില്ലാത്തതിനാല്‍ ഒന്നുമായില്ലെന്നും ഇക്കുറിയും മണല്‍ചാക്ക് അടുക്കാമെന്നും ആഹ്ലാദത്തോടെ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ജനപ്രതിനിധികള്‍ക്ക് തലയാട്ടാനെ കഴിയുമായിരുന്നുള്ളൂ. കുണ്ടറ കുടിവെള്ള പദ്ധതിയില്‍ നിന്നും കൊട്ടാരക്കര താലുക്കിലേയും കുണ്ടറ മേഖലയിലെയും 15 ഓളം പഞ്ചായത്തുകളിലേക്കും ജപ്പാന്‍ പദ്ധതിയില്‍ നിന്ന് നാല്‍പതോളം പഞ്ചായത്തകള്‍ക്കാണ് കുടിവെള്ളം നല്‍കുന്നത്. വേനല്‍ വരുമ്പോള്‍ തടയണയിലെ ജലനിരപ്പ് താഴ്ന്ന് പമ്പിങ് നടക്കാതെ വന്നാല്‍ ഈ പഞ്ചായത്തുകളിലേയും പത്തനാപുരത്തും പുനലൂരിലും കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ്. 165 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുമെന്നതും പ്രഖ്യാപനമായി. മാസങ്ങള്‍ പിന്നിട്ടും അധികൃതര്‍ക്ക്  അനക്കമില്ല. നിര്‍മിതിയെ പദ്ധതി ഏല്‍പ്പിച്ചതോടെയാണ് എസ്റ്റിമേറ്റും പദ്ധതി തയ്യാറാക്കലും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതെന്ന ആക്ഷേപമുണ്ട്..
Next Story

RELATED STORIES

Share it