Kottayam Local

പേട്ടതുള്ളലിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

എരുമേലി: മകരവിളക്ക് സീസണില്‍ എരുമേലിയില്‍ തിരക്ക് ക്രമാതീതമാവുന്ന ചന്ദനക്കുടം, പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ സംബന്ധിച്ച് ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ പോലിസ് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പേട്ടതുള്ളലില്‍ പങ്കെടുക്കുന്ന സംഘാംഗങ്ങള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
സംഘങ്ങളുടെ സമൂഹപെരിയോന്മാരാണ് കാര്‍ഡുകള്‍ നല്‍കേണ്ടത്. കാര്‍ഡുകള്‍ ഇല്ലാത്തവരെ പേട്ടതുള്ളല്‍ സംഘത്തിനൊപ്പം പങ്കെടുപ്പിക്കില്ല. ആനകളെ എഴുന്നള്ളിക്കുന്നത് കൃത്യമായ പരിശോധനകള്‍ക്കു ശേഷമായിരിക്കണം. വനം വകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആനകളെയാണ് എഴുന്നള്ളത്തിനു നിയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തും.
മണിക്കൂറുകള്‍ ഇടവിട്ട് ആനകള്‍ക്ക് വിശ്രമം നല്‍കണം. ടാര്‍ റോഡിലെ ചൂട് തടയുന്നതിനായി ആനകള്‍ നിര്‍ക്കുന്ന ഭാഗങ്ങളില്‍ വെള്ളം നനച്ച ചാക്കുകള്‍ ഇട്ടിരിക്കണം. എഴുന്നള്ളത്തിന് മുമ്പായി സീനിയര്‍ വെറ്റിനറി സര്‍ജന്റെ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തും.
ആനകളെ നിരീക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോയെന്നറിയുന്നതിനുമായി പോലിസ് സംഘമുണ്ടാവും. വണ്‍വേ ട്രാഫിക് കര്‍ശനമായും നടപ്പാക്കും. ഇതോട് അനുബന്ധിച്ച് കുടുതല്‍ റിങ് റോഡുകള്‍ വഴി ഗതാഗതം ക്രമീകരിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ്, ആരോഗ്യം, ദേവസ്വം, ഗ്രാമപ്പഞ്ചായത്ത്, വനം, എക്‌സൈസ്, കെഎസ്ഇബി, ജല അതോറിറ്റി, കെഎസ്ആര്‍ടിസി, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ഫോഴ്‌സ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പ്രതിനിധികളും ജമാഅത്ത്, അയ്യപ്പ സേവാസംഘം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it