World

പേടിക്കേണ്ട സുഹൃത്തേ, ഞാനിവിടെ ഉണ്ട്... അവസാന നിമിഷവും കര്‍മോല്‍സുകനായി മറായി

കാബൂള്‍: ഡ്രൈവറായെത്തി മികച്ച ഫോട്ടോഗ്രാഫറായി മാറിയ ഷാ മറായിയുടെ ബഹുമുഖ പ്രതിഭയും മികച്ച സഹവര്‍ത്തിത്വവും വ്യക്തമാക്കുന്നതായിരുന്നു സഹപ്രവര്‍ത്തകനോടുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. കാബൂളിലെ ആദ്യ സ്‌ഫോടന വിവരമറിഞ്ഞു സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ട എഎഫ്പിയുടെ കാമറാമാന്‍, ഷാ മറായിയെ ബന്ധപ്പെട്ടപ്പോള്‍ “പേടിക്കേണ്ട സുഹൃത്തേ, ഞാനിവിടെയുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ഫോട്ടോ കൂടാതെ വീഡിയോയും എടുക്കുന്നുണ്ടെന്നും മറായി വാട്‌സ്ആപ്പിലൂടെ സഹപ്രവര്‍ത്തകനെ അറിയിച്ചിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകമുണ്ടായ സ്‌ഫോടനത്തില്‍ മറായി അടക്കം ഒമ്പതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു.
22 വര്‍ഷം മുമ്പാണ് അദ്ദേഹം എഎഫ്പിയില്‍ ചേര്‍ന്നത്. 15 വര്‍ഷത്തോളമായി കാബൂളില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. അഫ്ഗാനിലെ യുദ്ധമുഖത്ത് നിന്നു മറായി പകര്‍ത്തിയ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യ—പ്പെട്ടിരുന്നു.മറായിയുടെ വിയോഗം എഎഫ്പിക്ക് കനത്ത നഷ്ടമാണെന്നു ഗ്ലോബല്‍ ന്യൂസ് ഡയറക്ടര്‍ മൈക്കല്‍ ലെറിഡോണ്‍ അറിയിച്ചു. താലിബാന്‍ അധികാരം ഏറ്റെടുത്ത 1996ലാണ് ഷാ മറായി ഡ്രൈവറായി എഎഫ്പിയുടെ കാബൂള്‍ ബ്യൂറോയിലെത്തിയത്. രണ്ടു വര്‍ഷത്തിനകം  ഫോട്ടോകളെടുത്ത് അയക്കാന്‍ തുടങ്ങി. 2002ല്‍ അദ്ദേഹം ഫുള്‍ടൈം ഫോട്ടോഗ്രാഫറായി നിയമിതനാവുകയായിരുന്നു.
Next Story

RELATED STORIES

Share it