World

പേജുകളും പരസ്യങ്ങളും പരിശോധിക്കുമെന്ന് ഫേസ്ബുക്ക്്‌

ന്യൂയോര്‍ക്ക്: പരസ്യ ദാതാക്കള്‍ക്കും ഫേസ്ബുക്ക് പേജുകള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കാംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. തിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുകയെന്നതും ഫേസ്ബുക്ക് ലക്ഷ്യമിടുന്നു.
ഫേസ്ബുക്ക് വഴി രാഷ്ട്രീയ പ്രചാരണം നടത്തുന്നവരും പരസ്യങ്ങള്‍ നല്‍കുന്നവരും ഇനിമുതല്‍ ഐഡന്റിറ്റി വ്യക്തമാക്കണം. പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിക്കണം. അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനധികൃത ഇടപെടല്‍ ചെറുക്കുകയാണ് തന്റെ ലക്ഷ്യമെന്നു സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വ്യാജ പേജുകളും പരസ്യദാതാക്കളെയും തിരിച്ചറിയാനായി പുതിയ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒമ്പതു കോടിയോളം ആളുകളുടെ വ്യക്തിവിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നു ചോര്‍ന്നുവെന്ന് സക്കര്‍ബര്‍ഗ് സമ്മതിച്ചു. ഫേസ്ബുക്ക് വിവരച്ചോര്‍ച്ച യൂറോപ്പിലെ 27 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചതായി യൂറോപ്യന്‍ കമ്മീഷനും വെളിപ്പെടുത്തി.
അഞ്ചര ലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കാംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയതായി നേരത്തേ ഫേസ്ബുക്ക് സമ്മതിച്ചിരുന്നു. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഇരയായവര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സേവനം പ്രാബല്യത്തില്‍ വരുമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it