പെഷാവര്‍ ആക്രമണത്തിന് പിന്നാലെ 182 മദ്‌റസകള്‍ അടച്ചുപൂട്ടി

ഇസ്‌ലാമാബാദ്: 2014ലെ പെഷാവര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിനു പിന്നാലെ ഭരണകൂടം രാജ്യത്തെ മതപണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതി.
ഭീകരബന്ധം ആരോപിച്ച് 182 മതപാഠശാലകളാണ് വിവിധയിടങ്ങളിലായി സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കല്‍, നിഗൂഢപ്രവൃത്തികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയവ ആരോപിച്ച് പഞ്ചാബ്, സിന്ധ്, ഖൈബര്‍, പക്തൂന്‍ഖ്വ പ്രവിശ്യകളിലെ മതപാഠശാലകള്‍ക്കെതിരേയാണ് നടപടിയെടുത്തത്.
പെഷാവര്‍ ആക്രമണ പശ്ചാത്തലത്തില്‍ നടപ്പാക്കിയ നാഷനല്‍ ആക്ഷന്‍ പ്ലാനി(എന്‍എപി)നു കീഴിലാണ് മതപണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത്. സായുധ സംഘങ്ങളുടെ സാമ്പത്തിക മേഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 126 അക്കൗണ്ടുകളിലെ 10 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ (എസ്ബിപി) മരവിപ്പിച്ചിട്ടുണ്ട്.
കൂടാതെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 25.1 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. 8195 വ്യക്തികളെയും 64 സംഘടനകളെയും കരിമ്പട്ടികയില്‍ പെടുത്തിയപ്പോള്‍ 1026 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഭീകരബന്ധം ആരോപിച്ച് 230 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവരുടെ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
വിദ്വേഷം പടര്‍ത്തുന്നതാണെന്നാരോപിച്ച് 1500 ബുക്കുകളും മറ്റു വസ്തുവകകളും പിടിച്ചെടുക്കുകയും 73 ഷോപ്പുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് 2337 കേസുകള്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുകയും 2195 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പാക് താലിബാന്‍ സായുധസംഘം പെഷാവര്‍ സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it