kasaragod local

പെര്‍ള വീവേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പെര്‍ള: നെയ്ത്ത് സൊസൈറ്റി അടച്ചു പൂട്ടല്‍ ഭീഷണിയില്‍. പെര്‍ള എസ്എന്‍ വീവേഴ്‌സ് കോ-ഓപറേറ്റീവ് സെസൈറ്റിയാണ് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്. എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ ഗ്രാമീണ മേഖലയിലെ യുവതികള്‍ക്ക് തൊഴില്‍ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ അമ്പതോളം കൈത്തറികളും പരിശീലകനും ഉണ്ടായിരുന്നു. ആവശ്യത്തിന് തൊഴിലാളികളും ഉണ്ടായിരുന്നു. മാത്രവുമല്ല അതിര്‍ത്തി പ്രദേശമെന്നതുകൊണ്ടു തന്നെ ഇവിടെ നെയ്‌തെടുക്കുന്ന തുണിതരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിയരുന്നു. കൈത്തറി തുണികള്‍ക്ക് പുറമെ ബെഡ് ഷീറ്റുകള്‍, തോര്‍ത്ത് എന്നിവയായിരുന്നു ഇവിടുത്തെ പ്രധാന ഉല്‍പന്നങ്ങള്‍. വിപണനം കുടുതലും കര്‍ണാടകയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ആവശ്യക്കാര്‍ സോസൈറ്റിയില്‍ നേരിട്ടെത്തി ഉല്‍പന്നങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ പുതുതലമുറ കൈത്തറി ഉല്‍പന്നങ്ങളില്‍ നിന്നും പിന്‍മാറുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തു. അതോടൊപ്പം സൊസൈറ്റിയിലെ പരിശീലകനായിരുന്ന ആള്‍ സര്‍വീസില്‍ നിന്നും വിരമിച്ചതോടെ പകരം നിയമിച്ചയാള്‍ വേറെ ജോലി ലഭിച്ചതോടെ ജോലിയില്‍ നിന്നും വിടുതല്‍ വാങ്ങുകയായിരുന്നു. ഇതോടെ സൊസൈറ്റിയില്‍ പരിശീലകന്‍ ഇല്ലാതായി. തൊഴിലാളികളില്‍ പലരും വിവാഹിതരായും മറ്റും പോയതോടെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. കൈത്തറികളില്‍ പലതും നാശത്തിന്റെ വക്കിലെത്തി. എന്നാല്‍ കേടുപാട് തീര്‍ക്കുവാനുള്ള ഫണ്ട് സൊസൈറ്റിയില്‍ ഇല്ലാത്തത് കാരണം റിപയര്‍ ചെയ്തതുമില്ല. അത്‌പോലെ തന്നെ അസംസ്‌കൃത വസ്തുക്കളായ നൂല്‍, കളര്‍ തുടങ്ങിയവ ലഭിക്കണമെങ്കില്‍ കണ്ണൂരിലെ കേന്ദ്ര സൊസൈറ്റിയുമായി ബന്ധപ്പെടണം. നേരത്തേ അസംസ്‌കൃത സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അതും നിര്‍ത്തലാക്കിയതോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം തീര്‍ത്തും പ്രതിസന്ധിയിലായി.നിലവില്‍ ആറ് തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ജോലിയിലുള്ളത്. ഇവര്‍ തന്നെ തുണി തരങ്ങള്‍ നെയ്‌തെടുക്കണം, നൂലിന് കളര്‍ ചേര്‍ക്കണം, നെയ്‌തെടുക്കാനുള്ള നൂല്‍ ചുറ്റിയെടുക്കണം. തുച്ഛമായ വേതനം മാത്രമേ ഇവര്‍ക്ക് ലഭിക്കുന്നുള്ളു. ഇതുമൂലം ഇവരും ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങിനെ വന്നാല്‍ എട്ട് പതിറ്റണ്ടുകളുടെ പരമ്പര്യമുള്ള നെയ്ത്ത് സോസൈറ്റി അടച്ചു പൂട്ടേണ്ടി വരും.അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും അവയ്ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കിയതു മൂലവും തൊഴിലാളികള്‍ക്ക് നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്ക് നിശ്ചിത തുക മാത്രമെ നല്‍കാവു എന്ന സര്‍ക്കാര്‍ മാനദണ്ഡമാണ് തൊഴിലാളികള്‍ക്ക് വേതനം കുറയുകയും പലരും ഈ രംഗത്തേക്ക് കടന്ന് വരാന്‍ തയ്യാറാവാത്തതും. നിലവിലുള്ളള്ള തൊഴിലാളികള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോയാല്‍ സൊസൈറ്റി അടച്ചു പൂട്ടേണ്ടി വേണ്ടി വരുമെന്ന് സെക്രട്ടറി രാധകൃഷ്ണ ആര്‍ ഭട്ട് പറഞ്ഞു.

Next Story

RELATED STORIES

Share it