പെര്‍ഫ്യൂം കിങ് അല്ല കിങ് മേക്കര്‍



ഗുവാഹത്തി: 2000ത്തിലധികം കോടി രൂപയുടെ സുഗന്ധതൈലത്തിന്റെ വ്യാപാരമുള്ള കുടുംബാംഗമാണ് ബദറുദ്ദീന്‍ അജ്മല്‍. അഖിലേന്ത്യാ ഐക്യജനാധിപത്യ മുന്നണി (എഐയുഡിഫ്) നേതാവായ ഇദ്ദേഹം അസമില്‍ പെര്‍ഫ്യും കിങ് എന്നാണ് അറിയപ്പെടുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബദറുദ്ദീന്‍ കിങ് മേക്കര്‍ ആയി മാറുകയാണ്.
എഐയുഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന് പറയാനാവില്ലെങ്കിലും അടുത്ത സര്‍ക്കാരില്‍ തന്റെ പാര്‍ട്ടിയുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. രൂപീകരിക്കപ്പെട്ടിട്ട് 10 വര്‍ഷമാവുന്നേയുള്ളുവെങ്കിലും അസം ജനസംഖ്യയില്‍ 34 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍ നിര്‍ണായക ശക്തിയാവാന്‍ എഐയുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. 2011ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി പാര്‍ട്ടി വലിയ രണ്ടാം കക്ഷിയായി. മുസ്‌ലിംകള്‍ വിധി നിര്‍ണയിക്കുന്ന 40ഓളം മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. ഇതില്‍ ജയിക്കുകയാണ് ബദറുദ്ദീന്റെയും അനുയായികളുടെയും ലക്ഷ്യം. 15 വര്‍ഷമായി തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിക്കുന്ന അസമില്‍ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാവും. കോണ്‍ഗ്രസ്സും ബിജെപിയും ബലാബലം വരികയാണെങ്കില്‍ എഐയുഡിഎഫിന്റെ നിലപാട് നിര്‍ണായകമാണ്.
ബിഹാര്‍ മാതൃകയില്‍ കോണ്‍ഗ്രസ്സുമായി വിശാല സഖ്യമുണ്ടാക്കണമെന്ന് ബദറുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് മുഖംതിരിച്ചു. ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റ് ലഭിക്കുമെന്നാണ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ വിശ്വാസം. വെള്ളവും എണ്ണയും ഒരിക്കലും ചേരില്ലെന്നായിരുന്നു എഐയുഡിഎഫുമായി സംഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തോട് ബിജെപി നേതാവിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it