Kottayam Local

പെരുവയില്‍ കനാല്‍ തകര്‍ന്ന് വന്‍ കൃഷി നാശം

പെരുവ: കനാല്‍ തകര്‍ന്ന് വന്‍ കൃഷി നാശം. പെരുവ മരങ്ങോലി കനാലിന്റെ ചെത്തുകുന്ന് ഭാഗത്താണ് കനാല്‍ തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയാണ് കനാല്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാമത്തെ പ്രാവശ്യമാണ് ഈ ഭാഗത്ത് കനാല്‍ തകരുന്നത്.
തകര്‍ന്ന കനാലിലൂടെ വെള്ളം ശക്തമായി കുത്തിയൊഴുകി റബര്‍, കപ്പ, വാഴ, കൊക്കോ എന്നീ കൃഷികള്‍ക്ക്് നാശനഷ്ടമുണ്ടായി. കുന്നപ്പിള്ളി തെക്കേക്കര ഭാഗത്തെ പാടത്ത് കൃഷി ചെയ്തിരുന്ന പഴയംപ്പിള്ളില്‍ രാജുമോന്റെ വാഴയും, കൊക്കോയും, പുളിയംപ്പിള്ളില്‍ സെബാസ്റ്റ്യന്റെ കപ്പ, വാഴ, തെക്കേക്കര കുഞ്ഞപ്പന്റെ കപ്പയും വാഴയും എന്നിവയാണ് വെള്ളം കയറി നശിച്ചത്.
വെള്ളം കുത്തിയൊഴുകി റബര്‍ മരങ്ങളും മറിഞ്ഞിട്ടുണ്ട്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കനാലില്‍ വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളം കനാലിലൂടെ സുഗമമായി ഒഴുകിപ്പോവാന്‍ കഴിയാത്തവിധം കനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. ഇതുമൂലം വെള്ളം ഒഴുകിപ്പോവാതെ വരുകയും ചെയ്തതാണ് കനാല്‍ തകരാന്‍ കാരണമായത്. കനാല്‍ തകര്‍ന്ന ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി സൈഡ് ഭിത്തി കെട്ടിയാണ് കനാല്‍ നിര്‍മിച്ചിരുന്നത്.
അഞ്ചു മീറ്ററിലധികം ഉയരത്തില്‍ കെട്ടിയ സൈഡ് ഭിത്തില്‍ കമ്പിയില്ലാതെ വെറുതെ കോണ്‍ക്രീറ്റ് ചെയ്താണ് കനാല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതാണ് കനാല്‍ തകരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. 2010ല്‍ ഈ ഭാഗത്ത് കനാല്‍ തകര്‍ന്നിരുന്നു.
നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2014 ലാണു കനാല്‍ പുനര്‍നിര്‍മിച്ചത്. ഈ കനാല്‍ തകര്‍ന്നതോടെ മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ നെല്‍കൃഷിയെ സാരമായി ബാധിക്കും.
Next Story

RELATED STORIES

Share it