kozhikode local

പെരുവണ്ണാമൂഴി പോലിസ് സ്റ്റേഷനു വണ്ടിയില്ല

പേരാമ്പ്ര: മന്ത്രിക്കു പതിവായി എസ്‌കോര്‍ട്ട് പോകേണ്ടതിനാല്‍ വണ്ടിയില്ലാതെ പെരുവണ്ണാമൂഴി പോലീസ് നട്ടം തിരിയുന്നു . എവിടെയെങ്കിലും കുറ്റകൃത്യം നടക്കുന്നതായി വിളിച്ചു പറഞ്ഞാല്‍ വണ്ടി സ്റ്റേഷനിലില്ലെന്ന മറുപടിയാണു പലപ്പോഴും ലഭിക്കുന്നത്. വിവിധ കാരണങ്ങളാല്‍ ആവശ്യത്തിനു പോലീസുകാര്‍ ഇപ്പോള്‍ സ്റ്റേഷനിലില്ല. വണ്ടിയും കൂടി ഇല്ലാതായാല്‍ എന്തിനിങ്ങനെ ഒരു പോലീസ് സ്റ്റേഷന്‍ എന്നാണു ജനം ചോദിക്കുന്നത്. കഴിഞ്ഞ ദിവസംവൈകുന്നേരം ചക്കിട്ടപാറ അങ്ങാടിയില്‍ നരിനട റോഡിന്റെ ഓരത്തുള്ള ഒരു കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസില്‍ പണം വെച്ചു ചീട്ടുകളി നടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ സ്റ്റേഷനിലറിയിച്ചു. മന്ത്രിക്കു എസ്‌കോര്‍ട്ടുപോയതിനാല്‍ വണ്ടിയിവിടില്ലെന്നാണു ലഭിച്ച മറുപടി. ലക്ഷങ്ങളുടെ കളി പതിവായി നടത്തുന്നവര്‍ തന്നെയാണു ഇന്നലെയും പട്ടാപ്പകല്‍ കളി നടത്തിയത്. ലഹരി ഉള്‍പ്പടെ സാമൂഹ്യ തിന്മക്കെതിരെ പെരുവണ്ണാമൂഴി ജന മൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നത് മിനിഞ്ഞാന്നാണ്. പ്രതിരോധ ജനകീയ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പക്ഷെ ഇതുകൊണ്ടൊന്നും പ്രയോജനമില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. മാവോവാദികളുടെ ഭീഷണിയുള്ള പോലീസ് സ്റ്റേഷനാണിത്. പെരുവണ്ണാമൂഴി ഡാം, ടൂറിസ്റ്റ് കേന്ദ്രം, വനം എന്നിവയെല്ലാം പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയിലൂണ്ട്. ഭൂവിസ്തൃതിയില്‍ ഏറ്റവും വലിയ പഞ്ചായത്തായ ചക്കിട്ടപാറയും ചങ്ങരോത്ത്, കൂത്താളി ഗ്രാമപഞ്ചായത്തുകളുടെ ഭാഗങ്ങളും പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഭാഗങ്ങളാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതി, ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ്, കൂത്താളി ജില്ലാ കൃഷിഫാം തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതികളുമുള്ള മേഖലയില്‍ പെടുന്ന സ്റ്റേഷനുമാണിത്. തണ്ടര്‍ബോള്‍ട്ട് സേനയുടെ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് സ്റ്റേഷന്‍ മേഖലയുമാണിത്. പേരാമ്പ്ര സര്‍ക്കിളിന്റെ കീഴിലുള്ള മൂന്നു സ്റ്റേഷനുകളില്‍ ഏറ്റവും കാര്യക്ഷമത പാലിക്കേണ്ട സ്റ്റേഷനാണിത്.
Next Story

RELATED STORIES

Share it