kozhikode local

പെരുവണ്ണാമൂഴിയില്‍ കാട്ടാനക്കുട്ടി ചതുപ്പില്‍ താഴ്ന്ന് ചരിഞ്ഞു

പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്ന് പയ്യാന കോട്ടയില്‍ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. കൂട്ടമായെത്തിയ ആനകള്‍ റിസര്‍വോയറിലിറങ്ങി വെള്ളം കുടിക്കുന്നതിനിടയില്‍ കുട്ടിയാന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു.
എന്നാല്‍ തള്ളയാനകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും തന്നെ ഫലംകണ്ടില്ല. മസ്തകം മാത്രം പുറത്തായി ഉടലും തുമ്പിയും പൂര്‍ണമായും ചെളിയില്‍ പൂഴ്ന്ന അവസ്ഥയിലായിരുന്നു. രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ റെയിഞ്ചര്‍ ബി ആര്‍ റൂബിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ തള്ളയാനകളെ വിരട്ടിയോടിച്ചതിന് ശേഷം ജഡം പുറത്തെടുക്കുകയായിരുന്നു. പയ്യാനകോട്ട ഭാഗത്ത് നിന്ന് റിസര്‍വോയറിലൂടെ വനംവകുപ്പിന്റെ വനറാണി ബോട്ട് മാര്‍ഗം പെരുവണ്ണാമൂഴിയിലെത്തിച്ച ജഡം ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ചക്കിട്ടപ്പറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി കെ സന്തോഷ് പോസ്റ്റ്മാര്‍ട്ടം നടത്തി. ഫോറസ്റ്റ് ഓഫിസര്‍ കെ ഷാജു, ബീറ്റ് ഓഫിസര്‍മാരായ കെ ടി ലത്തീഫ്, പി ബീഷര്‍, എം ദേവാനന്ദന്‍, പി ബാലന്‍, വാച്ചര്‍ന്മാരായ ബാബു, ഗോപാലന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it