Kollam Local

പെരുമ്പുഴ- കേരളപുരം-കൊതാകോടി റോഡ് നവീകരിക്കുന്നു



കേരളപുരം: പെരുമ്പുഴ- കേരളപുരം- കൈതാകോടി റോഡ് ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിര്‍വഹിച്ചു. മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരുമ്പുഴ - കേരളപുരം- കൈതാകോടി റോഡ് നവീകരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് തീരദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.65 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കിയ ഇടം പദ്ധതിയിലൂടെ നാട്ടിന്‍പുറത്തെ റോഡുകള്‍, കവലകള്‍, മാര്‍ക്കറ്റ്, സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ താഴെതട്ടില്‍ വികസനം എത്തിക്കുകയാണ്. വീടില്ലാത്തവര്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ഇടപെടുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും ഭവനം നിര്‍മിക്കാന്‍ മൂന്ന് ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. ജില്ലയുടെ വികസനത്തിനായി ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ആവശ്യാനുസരണം ലഭ്യമാക്കും. കുണ്ടറയുടെ വികസനത്തിനായി നാല് ഏക്കര്‍ ഭൂമി ഫിഷറീസ് വകുപ്പ് ഇതിനോടകം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഫിഷറീസ് യൂനിവേഴ്‌സിറ്റി ഓഫ് കാംപസ് കൈതാകോടിയില്‍ സ്ഥാപിക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കേരളപുരത്ത് നടന്ന യോഗത്തില്‍ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനിതകുമാരി അധ്യക്ഷത വഹിച്ചു. വി പ്രസന്നകുമാര്‍ സ്വാഗതം പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുമോഹന്‍, എസ് ശ്രീദേവി, രമണി, ബീനപ്രസാദ്, ചീഫ് എന്‍ജിനീയര്‍ പി കെ അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി കെ ലോട്ടസ് സംസാരിച്ചു.
Next Story

RELATED STORIES

Share it