ernakulam local

പെരുമ്പാവൂര്‍ ബൈപ്പാസ് നിര്‍മാണത്തിനായി 135 കോടി അനുവദിച്ചു.

പെരുമ്പാവൂര്‍: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഒടുവില്‍ ജനം കാത്തിരുന്ന പെരുമ്പാവൂര്‍ ബൈപ്പാസ് നിര്‍മാണത്തിനായി 135 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇന്നലെ ചേര്‍ന്ന കിഫ്ബി എക്‌സിക്യുട്ടീവ് മീറ്റിങ്ങില്‍ നിര്‍മാണ തുക അനുമതിയായതോടെ ഇനി ഒരു മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പരിപാടി ആരംഭിക്കാനായേക്കും. ഇതിനായി ഭൂ ഉടമകളുടെ യോഗം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ നടപടികള്‍ ജില്ലാ കലക്ടറുമായി ചേര്‍ന്ന് വേഗത്തിലാക്കാനാണ് പദ്ധതി. നാലുവരി പാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുമെങ്കിലും എംസി റോഡ് രണ്ടുവരി പാതയായതിനാല്‍ ആദ്യഘട്ടത്തില്‍ രണ്ടുവരി പാതയായിരിക്കും ആദ്യം നിലവില്‍ വരിക. ഭാവിയിലെ വികസനം കൂടി മുന്നില്‍ കണ്ടാണ് നാലുവരി പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്. എഎം റോഡ് പാലക്കാട്ടുതാഴം മുതല്‍ മരുതുകവലവരെ മൂന്നര കിലോമീറ്റല്‍ ദൈര്‍ഘ്യമുള്ള റോഡായ പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതി 10 വര്‍ഷം മുമ്പ് രൂപീകരിച്ചിരുന്നതാണ്. ഇതിനായി 10 കോടി രൂപ അന്ന് സര്‍ക്കാര്‍ അനുവദിച്ചെങ്കിലും വിശദമായ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അന്ന് ആ തുക പാണംകുഴി-മൂവാറ്റുപുഴ റോഡിനും പെരുമ്പാവൂര്‍ പിപി പര്‍പ്പസ് റോഡിനുമായി വകമാറ്റി കൊള്ളിക്കുകയും ബൈപ്പാസ് അലൈമെന്റിനുമായി ഒരു കോടിയും ചെലവഴിച്ചതോടെ പദ്ധതി പൂര്‍ണമായും മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ ബജറ്റില്‍ എല്‍ദോസ് കുന്നപ്പിളളി എംഎല്‍യുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ 20 കോടി അനുവദിച്ചതോടെയാണ് പദ്ധതിക്ക് പുനര്‍ജീവന്‍ വച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സ്ഥലമേറ്റെടുക്കല്‍ നയത്തിലെ പുതിയ മാറ്റം ഉള്‍കൊണ്ട് പുതിയ നിയമമനുസരിച്ച് പരിസ്ഥിതി പഠനവും സ്ഥല ഉടമകളുമായി ചര്‍ച്ച ചെയ്ത് ഭൂമി ഏറ്റെടുക്കലും അവരുടെ സമ്മതപത്രവും വാങ്ങുകയെന്ന കടമ്പയാണ് റവന്യൂ വകുപ്പ് ഇനി ഏറ്റെടുക്കുക. പിന്നീട് 24 മീറ്റര്‍ റോഡുപണിയുടെ തുടര്‍നടപടിയിലേക്കു നീങ്ങും. മറ്റു തടസ്സങ്ങളില്ലെങ്കില്‍ മൂന്നു വര്‍ഷം കൊണ്ട് പണി തീര്‍ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതരുടെ ഭാഷ്യം.
Next Story

RELATED STORIES

Share it