ernakulam local

പെരുമ്പാവൂരില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടിച്ച കേസ് : പോലിസില്‍ തര്‍ക്കം



പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ 122 കിലോ കഞ്ചാവ് പിടിച്ച സംഭവം സംബന്ധിച്ച് പോലിസ് വകുപ്പില്‍ തര്‍ക്കം മുറുകുന്നു. കുറച്ചു ദിവസം മുമ്പ് പെരുമ്പാവൂരില്‍ നിന്നും 10 കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലിസ് തൃശൂര്‍ പുതുക്കാടെത്തി കഞ്ചാവ് പിടിക്കുകയായിരുന്നു. പോലിസിന്റെ പിടിയില്‍ നിന്ന് കുതറിയോടി വെള്ളത്തില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ പോലിസ് കടന്നുകളഞ്ഞുവെന്ന് ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക്  സ്പെഷ്യല്‍ ബ്രാഞ്ച റിപോര്‍ട്ട് നല്‍കിയതായും അറിയുന്നു. കഞ്ചാവ് ലോബിയില്‍ ഉള്‍പ്പെട്ട ഇടുക്കി, ഉടുമ്പന്‍ചോല സ്വദേശി സജിയാണ് വെള്ളത്തില്‍ ചാടിയത്. ഈ വിവരം പുതുക്കാട് പോലിസിനെ അറിയിച്ചില്ലെന്നും ആരോപണമുയരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സും പുതുക്കാട് പോലിസും ചേര്‍ന്നാണ് ഇയാളെ കരകയറ്റിയത്. തലേദിവസം പാലക്കാട് നിന്ന് പിടിയിലായ പ്രതികളെയും കഞ്ചാവും കസ്റ്റഡിയില്‍ സൂക്ഷിച്ച് പിറ്റേന്ന് എംസി റോഡില്‍ വല്ലം ജങ്ഷന് സമീപത്തുകൊണ്ടുവന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവത്രേ. കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂരില്‍ വച്ച് പിടിച്ചുവെന്നാണ് പിറ്റേന്ന് പോലിസ് മാധ്യമങ്ങളോട് പറഞ്ഞത്. 122 കിഗ്രാം കഞ്ചാവ് എന്ന് ആദ്യം അറിയിച്ചുവെങ്കിലും ഇപ്പോള്‍ 117 കിലോ കഞ്ചാവ് പിടിച്ചുവെന്നാണ് രേഖകള്‍. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത പെരുമ്പാവൂരിന് ഇത് നാണക്കേടുണ്ടാക്കിയെന്ന് പരാതിയും ഉയരുകയാണ്.
Next Story

RELATED STORIES

Share it