Alappuzha local

പെരുമ്പളം പഞ്ചായത്തിന് ഇനി ഐശ്വര്യം ജങ്കാര്‍ വേണ്ട

പൂച്ചാക്കല്‍:  പെരുമ്പളം-പാണാവള്ളി ഫെറിയില്‍ സര്‍വ്വീസ് നടത്തുന്നതിന് നിര്‍മ്മിച്ച ഐശ്വര്യം ജങ്കാര്‍ വരുത്തി വച്ചത് രണ്ടരലക്ഷം രൂപയുടെ ബാധ്യത. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പെരുമ്പളം പഞ്ചായത്തിന്റ ഉറക്കം കെടുത്തുന്ന ഐശ്വര്യം എന്ന് നാമകരണം ചെയ്ത ജങ്കാര്‍ ഇനി വേണ്ടന്നാണ് പഞ്ചായത്തിന്റ തീരുമാനം.
ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപ മുടക്കി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെ.എസ്.ഐ.എന്‍.സി.)  ആണ് ജങ്കാര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സര്‍വ്വീസിനായി പെരുമ്പളത്ത് എത്തിച്ച ജങ്കാറിന് ഇതു വരെ കൃത്യമായി സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. മുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജങ്കാര്‍ സര്‍വ്വീസിന്റ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് ശേഷം പത്ത് ദിവസം സര്‍വ്വീസ് നടത്തിയ ജങ്കാറിന്റ റഡാര്‍ തകരാറിലാകുകയായിരുന്നു.
പിന്നീട് എണ്‍പതിനായിരം രൂപയോളം മുടക്കി റഡാര്‍ തകരാര്‍ പരിഹരിച്ച് സര്‍വ്വീസ് നടത്തിയെങ്കിലും താമസിയാതെ വീണ്ടും തകരാര്‍ സംഭവിച്ചു. ഇത്തരത്തില്‍ പലതവണ തകരാറിലായതോടെ  നടത്തിയ പരിശോധനയില്‍ ജങ്കാറിന് അനുയോജ്യമായ ജെട്ടി വെണമെന്ന് നിര്‍ദ്ദേശിച്ചു. ജെട്ടി പണിയാന്‍ 75 ലക്ഷം രൂപ മുടക്കേണ്ട അവസ്ഥ വന്നു. മാത്രമല്ല ജങ്കാറിനായി പുതിയ ജെട്ടി പണിയുമ്പോള്‍ മൂന്ന് മാസത്തോളം സര്‍വ്വീസ് നിര്‍ത്തിവക്കണം.
ഈ സമയത്തില്‍ താത്കാലികമായി ഇവിടെ മറ്റോരു ജെട്ടിക്ക് സംവിധാവനുമില്ല. ജെട്ടി നിര്‍മ്മാണത്തിനായി  ജങ്കാര്‍ സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്ര സംവിധാനങ്ങള്‍ താറുമാറാകും. തുടര്‍ന്ന് റാംപിന്റ അപാകത പരിഹരിച്ച് സര്‍വ്വീസ് നടത്തിയെങ്കിലും വിണ്ടും ജങ്കാറിന് തകരാര്‍ സംഭവിക്കുകയായിരുന്നു. മറ്റു ജങ്കാറുകളെ അപേക്ഷിച്ച് അടിഭാഗത്തിന് ഒന്നര മീറ്ററോളം കുടുതല്‍ നീളമുണ്ടെന്നതായിരുന്നു പുതിയ വാദം. പിന്നീട് ആഴം കൂട്ടാന്‍ തീരുമാനമായി.
എന്നാല്‍ ഐശ്വര്യം എന്ന ജങ്കാറിന് ഇതുവരെ കര്യക്ഷമമായി സര്‍വ്വീസ് തുടരാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ജലഗതാഗത റൂട്ടുകളെ അപേക്ഷിച്ച് മണ്‍ തിട്ടകള്‍ കുറഞ്ഞതും ആഴം കുടിയതുമായ ഭാഗമാണ് വേമ്പനാട്ട് കായലിലേത്. നിലവില്‍ ഈ തകരാര്‍ പരിഹരിക്കുന്നതിന് കൊണ്ടുപോയ ഐശ്വര്യം ജങ്കാര്‍ ഇതുവരെ തിരികെ കൊണ്ടുവന്നിട്ടുമില്ല. കായലില്‍ ആഴം കുട്ടുന്നതിന് നടപടിയായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഐശ്വര്യം ജങ്കാര്‍ സര്‍വ്വീസ് നടത്തി അഞ്ചു ലക്ഷത്തി മുപ്പത്തിമുവ്വായിരം രൂപ കിട്ടിയെങ്കില്‍ ഏഴുലക്ഷത്തി നാല്‍പ്പത്തയ്യയിരം രുപയാണ് ചിലവ് വന്നത്.
കൂടുതല്‍ പണവും ജങ്കാറിന്റ തകരാര്‍ പരിഹരിക്കുന്നതിനാണ് ചിലവഴിച്ചത്.  ഒരു വര്‍ഷമാണ് ജങ്കാറിന് ഗ്യാരണ്ടി പറഞ്ഞിരുന്നത്. കൃത്യമായി സര്‍വ്വീസ് നടത്താന്‍ കഴിയാത്തതോടെ ഗ്യാരണ്ടി കാലാവധിയും കഴിഞ്ഞു. ഇതിന് പരിഹാരമായാണ്  ജങ്കാര്‍  നിര്‍മ്മിച്ച കെ.എസ്.ഐ.എന്‍.സി പകരം ജെ.എല്‍.സി. 1 എന്ന വെസല്‍ സര്‍വ്വീസ് നടത്തുന്നതിന് പെരുമ്പളം-പാണാവള്ളി ഫെറിയില്‍ കൊണ്ടുവന്നത്.
പെരുമ്പളം പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവച്ച ഐശ്വര്യം ജങ്കാര്‍ ഇനി വേണ്ടന്നാണ് പെരുമ്പളം പഞ്ചായത്ത് അധീകൃതര്‍ പറയുന്നത്. ജങ്കാര്‍ സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുമെന്നും പറയുന്നു.
Next Story

RELATED STORIES

Share it