പെരുമാറ്റച്ചട്ടം വൈകിപ്പിക്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടി

കൊച്ചി: കേരളത്തില്‍ അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതു വൈകിപ്പിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടി.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച മാര്‍ച്ച് ആദ്യവാരം മുതല്‍ പെരുമാറ്റച്ചട്ടം കേരളത്തിലും നടപ്പാക്കിയത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു തടസ്സമാണെന്നു കാട്ടി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മെയ് 16നു മാത്രം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ പെരുമാറ്റച്ചട്ടം നടപ്പാക്കിയാല്‍ മതിയെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷന്‍ അംഗം ഇന്‍ഫന്റ് തോമസ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മൂന്നാഴ്ച മുമ്പാണ് പെരുമാറ്റച്ചട്ടം നിലവില്‍ വരേണ്ടത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം വരുന്നത് ഏപ്രില്‍ 22നാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നിനു മുമ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തു നടപ്പാക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.
ഏപ്രില്‍ നാലിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്നതെന്നതിനാലാണ് മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കേണ്ടിടത്ത് മാത്രം മാര്‍ച്ച് മുതല്‍ പെരുമാറ്റച്ചട്ടം ബാധകമാക്കിയാല്‍ മതി. പഞ്ചായത്തിന്റെ പദ്ധതികളും മുന്‍കൂട്ടി പ്രഖ്യാപിച്ച വാര്‍ഷിക പദ്ധതികളും മറ്റും പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ തടസ്സപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഇതുള്‍പ്പെടെ നടപ്പാക്കാനാവാത്ത അവസ്ഥയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
Next Story

RELATED STORIES

Share it