പെരുമാറ്റച്ചട്ടം: നിയമനടപടി സ്വീകരിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സര്‍ക്കാര്‍

തിരുവനന്തപുരം: ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കുടിവെള്ളവിതരണംപോലും തടസ്സപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണത്തിനുള്ള നടപടി തിരഞ്ഞെടുപ്പ് തീരും വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി ഇന്നലെയാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. വരള്‍ച്ചാപ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ കമ്മീഷന്‍ നേരത്തേ തടഞ്ഞിരുന്നു. വിതരണം ആരംഭിച്ച കൊല്ലം ജില്ലയില്‍ അത് നിര്‍ത്തിവയ്ക്കാന്‍ കൂടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചതോടെയാണ് ഇന്നലെ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്.
കമ്മീഷന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമനടപടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരിവിതരണം സംബന്ധിച്ച തടസ്സം മറികടക്കാന്‍ ഭക്ഷ്യസെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ നയതീരുമാനങ്ങളില്‍ കമ്മീഷന് ഇടപെടാനാവില്ലെന്ന കോടതിവിധികള്‍ ചൂണ്ടിക്കാട്ടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ കുടിവെള്ളവിതരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ലഭിച്ച മഴയുടെ തോതും കൃഷിനാശവും കണക്കിലെടുത്താല്‍ കേരളത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാനാവില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ കുടിവെള്ള വിതരണത്തിനുള്ള തീരുമാനവും ഫണ്ടും അനുവദിച്ചതാണ്. ചീഫ് സെക്രട്ടറി ഡല്‍ഹിയില്‍ പോയി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, അനുകൂല തീരുമാനമുണ്ടായിട്ടില്ല.
പെരുമാറ്റച്ചട്ടത്തിന്റെ പരിമിതി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടാണ് ഒരു പരാതിക്കും ഇടനല്‍കാത്തവിധം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ മാത്രം കുടിവെള്ളവിതരണം നടത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ ഒന്നു മുതലുള്ള സൗജന്യ അരിവിതരണ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ ഉത്തരവിറക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് വ്യക്തികള്‍ക്കല്ല, സ്ഥാപനങ്ങള്‍ക്കാണു നല്‍കുന്നത്. അതിനാല്‍ പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ കമ്മീഷന്‍ ഇടപെടണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നേരത്തേ അനുവദിച്ച പണംപോലും വിതരണം ചെയ്യാന്‍ കമ്മീഷന്‍ അനുവദിക്കുന്നില്ല.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കല്‍, കാരുണ്യ ചികില്‍സാ സഹായ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയും തടഞ്ഞിരിക്കുകയാണ്. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന വിമര്‍ശനമാണ് മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നത്.
Next Story

RELATED STORIES

Share it