പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ യുഡിഎഫില്‍ ധാരണ

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗഹൃദമല്‍സരം നടക്കുന്നയിടങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ യുഡിഎഫില്‍ ധാരണ. സൗഹൃദമല്‍സരം ഒഴിവാക്കാനുള്ള അവസാന ശ്രമങ്ങളും വിജയിക്കാത്ത സാഹചര്യത്തിലാണു തീരുമാനം. യുഡിഎഫിന് പുറത്തുള്ള ആരുമായും ബന്ധം പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കും. പുറത്തുള്ളവരുമായി സഹകരിച്ചാല്‍ നടപടിയെടുക്കും. പരിഹാരം കാണാന്‍ കഴിയുന്നിടങ്ങളില്‍ സിറ്റിങ് സീറ്റ് അതാതു കക്ഷികള്‍ക്ക് എന്ന മാനദണ്ഡം കര്‍ശനമാക്കാനും തീരുമാനമായി. മലപ്പുറത്ത് മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലും കോട്ടയത്ത് കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും തമ്മിലും സൗഹൃദമല്‍സരം ഉറപ്പായിട്ടുണ്ട്. പത്രിക പിന്‍വലിക്കുന്നതിനു മുമ്പ് പരമാവധി തര്‍ക്കങ്ങള്‍ പരിഹരിക്കാനാണു തീരുമാനം. സൗഹൃദമല്‍സരം നടക്കുന്ന പഞ്ചായത്തുകളില്‍ അധികാരത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും പെരുമാറ്റച്ചട്ടത്തിലുണ്ടാവും.

അതേസമയം, മലപ്പുറത്തെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ഇന്നലെ കെപിസിസി ആസ്ഥാനത്തു നടന്ന ചര്‍ച്ചയിലും പൂര്‍ണ ധാരണയിലെത്തിയില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എന്നിവര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരുമായി ആദ്യം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് മന്ത്രിമാരുമായി ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നായിരുന്നു ലീഗ് നിലപാട്. കോണ്‍ഗ്രസ് മന്ത്രിമാര്‍ പോയതിനുശേഷം ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, എം കെ മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായി ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ണ ധാരണയിലെത്തിയില്ല. എന്നാല്‍, മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന തിയ്യതിക്കുമുമ്പായി പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഏതാനും സീറ്റുകളില്‍ മാത്രമാണു മലപ്പുറത്തു തര്‍ക്കമുള്ളത്. ഏതാനും ചില പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് അതിശയോക്തിപരമായ വാര്‍ത്തകളാണു വരുന്നത്. സൗഹൃദമല്‍സരം നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇപ്പോഴത്തെ തര്‍ക്കം മുന്നണിയുടെ കെട്ടുറപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള തിയ്യതിക്കുശേഷം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ആരെങ്കിലും മല്‍സരരംഗത്തുണ്ടെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വി എം സുധീരനും പറഞ്ഞു. ഒരു ശതമാനത്തില്‍ താഴെ പഞ്ചായത്തുകളില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നതെന്നും മുന്നണി ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും മലപ്പുറം ജില്ലയില്‍ നിന്നുള്ള നേതാക്കളും പ്രതികരിച്ചു.
Next Story

RELATED STORIES

Share it