thiruvananthapuram local

പെരുമാതുറ മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയം



എംഎം അന്‍സാര്‍

കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി മല്‍സ്യ ബന്ധന തുറമുഖ നിര്‍മാണം  അശാസ്ത്രീയമാണെന്നതിന് തെളിവായി  അഴിമുഖത്തേക്ക് വീണ്ടും കടലാക്രമണം ശക്തമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചെയ്യുന്ന മഴയിലും കാറ്റിലും കേരള തീരത്ത് കടലാക്രമണം രൂക്ഷമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഈ കടലാക്രമണം മുതലപ്പൊഴി ഹാര്‍ബര്‍ അഴിമുഖത്തേക്കും ആഞ്ഞടിക്കുന്നുണ്ട്.  ഇതിനെ തുടര്‍ന്ന്  തുറമുഖം വഴിയുള്ള മീന്‍പിടുത്തം അപകടസാധ്യതയിലാണ്.  കഴിഞ്ഞയാഴ്ച്ച ഹാര്‍ബറിലേക്കുള്ള തിരയടിയില്‍പ്പെട്ട് നിരവധി മല്‍സ്യബന്ധന വള്ളങ്ങളും ബോട്ടുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ മുതല്‍  മല്‍സ്യബന്ധന ബോട്ടുകള്‍ക്ക്  അഴിമുഖത്ത് നിന്നും കടലിലേക്ക് കടക്കാന്‍ പറ്റാത്ത രീതിയിലുള്ള കടലടി രൂക്ഷമായതോടെ നൂറ് കണക്കിന് ബോട്ടുകളും മല്‍സ്യതൊഴിലാളികളുമാണ് തിരയടിക്ക് ശമനവും പ്രതീക്ഷിച്ചിരിക്കുന്നത്. മുതലപ്പൊഴിഹാര്‍ബര്‍ നിര്‍മ്മാണം തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് നിര്‍മാണം പ്രവര്‍ത്തനം അശാസ്ത്രീയമായി കണ്ടെത്തിയതും പണി നിര്‍ത്തിവെച്ചതും. ഓരോ തവണ നിര്‍മാണം നിര്‍ത്തിവെച്ച്  തുടങ്ങുമ്പോള്‍ കോടികളാണ് നഷ്ടപ്പെടുന്നത്. നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പുതന്നെ പൊഴി മൂടുന്ന പ്രവണത ആവര്‍ത്തിച്ചു. എന്നാല്‍ പുതിയ രീതിയിലുള്ള പഠനം നടത്തി വീണ്ടും കോടികള്‍ മുടക്കി പുലിമുട്ട് നിര്‍മാണ വേളകളിലും ഇത് തന്നെ ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട പുനര്‍ പഠനത്തിന് ശേഷം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതിയ തറക്കല്ലിട്ട് തുടക്കം കുറിച്ചത്. രണ്ട് വര്‍ഷത്തിനകം ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുമെന്ന് അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും നിര്‍മാണം തുടങ്ങി ഒരു വര്‍ഷം തികഞ്ഞതോടെ പൊഴി മൂടുന്ന പ്രവണ ഇല്ലാതായി. പകരം അഴിമുഖത്തേക്കുള്ള കടലാക്രമണം ശക്തമാവുകയാണുണ്ടായത്. രണ്ട് പുലിമുട്ടിന്റെയും നല്ലൊരു ഭാഗം കടല്‍ വിഴുങ്ങി കൊണ്ടാണ് കടല്‍ പിന്‍മാറിയത്. ഇതിനെ തുടര്‍ന്ന് വീണ്ടും പുനര്‍പഠനവും ചര്‍ച്ചകളും ന്നടക്കുകയും പുലിമുട്ട് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി വിവിധ ഘട്ടങ്ങളിലായി കോടികളാണ് കടലില്‍ കുഴിച്ച് മൂടിയത്. കടലിലിടുന്ന പാറകള്‍ക്ക് കണക്കില്ലാത്ത് കാരണം ഉദ്യോഗസ്ഥരാഷ്ട്രീയ മാഫിയകള്‍ക്ക് അത് ഏറെ ഗുണം ചെയ്യുകയും ചെയ്യ്തു. എത്ര കടല്‍ക്ഷോഭം വന്നാലും ഹാര്‍ബറിലേക്ക് ഇനി തിരയടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഹാര്‍ബര്‍ അതോറിറ്റിക്കും കരാര്‍ എടുത്ത കമ്പനിക്കും മിണ്ടാട്ടമില്ല. രണ്ടാഴ്ച മുമ്പ് ഹാര്‍ബറിനുള്ളിലെ മണല്‍ ഒരു കോടി രൂപാ മുടക്കി നീക്കം ചെയ്തുതുടങ്ങിയെങ്കിലും സാങ്കേതികപ്രശ്‌നം പറഞ്ഞ് മണല്‍ മാറ്റല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it