palakkad local

പെരുമാട്ടിയില്‍ തെങ്ങിന് മിലിമൂട്ടകളുടെ ആക്രമണം

എസ് സുധീഷ്

ചിറ്റൂര്‍: വേനലിന്റെ ചൂട് അധികരിച്ചതോടെ പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ വില്ലേജിലെ തെങ്ങിന്‍തോട്ടങ്ങളില്‍ മിലിമൂട്ടയുടെ ആക്രമണം വ്യാപകമാകുന്നു. തെങ്ങിന്റെ നാമ്പോല, ഇളംകൂമ്പുകള്‍, പൂങ്കുലകള്‍ എന്നിവയില്‍ നിന്നും കൂട്ടത്തോടെ നീരൂറ്റിക്കുടിക്കുന്ന ജീവികളാണ് മിലിമൂട്ടകള്‍. ഇവയുടെ എണ്ണത്തിലെ ഏറ്റകുറച്ചിലുകളും ആക്രമണത്തിന്റെ രൂക്ഷതയും ശ്രദ്ധിക്കാതിരുന്നാല്‍ സാരമായ വിളനാശം സംഭവിക്കും.
ശരീരത്തിന് പുറത്ത് വെളുത്ത പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള ആവരണം ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. മുട്ട വിരിഞ്ഞ് വരുന്ന വിവിധ ദശകളിലുള്ള കുഞ്ഞുങ്ങളും പൂര്‍ണവളര്‍ച്ചയെത്തിയ മൂട്ടകളും കൂട്ടത്തോടെയാണ് തെങ്ങില്‍ ആക്രമണം നടത്തുന്നത്. കീടബാധയുടെ ലക്ഷണങ്ങള്‍ വിവിധ തരത്തിലാണ്. കൂട്ടത്തോടെ നീരൂറ്റികുടിക്കുന്നതിനാല്‍ താമ്പോലകള്‍ മഞ്ഞളിച്ച് ഉണങ്ങി പോവുന്നു. പൂങ്കുലകളെ ആക്രമിക്കുന്നത് അമിതമായ മച്ചിങ്ങ പൊഴിയുവാന്‍ കാരണമാകുന്നു.
ഉണങ്ങിയ മച്ചിങ്ങകള്‍ പൂങ്കുലയില്‍ തന്നെ പറ്റി ചേര്‍ന്നിരിക്കുന്നതായി കാണാം. ആക്രമണത്തിന് ഇരയാവുന്ന ഇളംകൂമ്പുകള്‍ വിരിയും മുമ്പേ വാടി പോകും. ഇത് വിളവ് കുറയുന്നതിന് കാരണമാകും. പൂങ്കുലകളില്‍ കരിവാളിപ്പ് കാണുന്നതും ഇവയുടെ ആക്രമണ ലക്ഷണങ്ങളാണ്. ഇവ പുറപ്പെടുവിക്കുന്ന മധുരമേറിയ സ്രവം കുടിക്കാനായി ഉറുമ്പുകള്‍ എത്തുന്നതും ഇവയുടെ വ്യാപനത്തിന് കാരണമാക്കുന്നു. സാധാരണ പ്രകൃത്യായുളള ശത്രുക്കളാല്‍ ഇവ നിയന്ത്രിക്കപ്പെടും. എന്നാല്‍ വേനല്‍ അധികരിച്ചതിനാല്‍ ഇവയുടെ ആക്രമണം രൂക്ഷമാകുന്നുണ്ട്. അതിനാല്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് മിശ്രിതം 0.5 ശതമാനം വീര്യത്തില്‍ നാമ്പോലകളിലും ഇളം കുലകളിലും പതിക്കുന്ന രീതിയില്‍ സ്േ്രപ ഉപയോഗിച്ച് തെളിക്കണം.
അത്യാവശ്യമെങ്കില്‍ രാസകീടനാശിനികളായ കോണ്‍ഫിഡോര്‍ മൂന്ന് മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തെളിക്കാം. അക്‌റേ രണ്ട് ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തെളിക്കുന്നതും ഫലപ്രദമാണ്. അസ്റ്റാഫ് കീടനാശിനി അല്ലെങ്കില്‍ പെഗാഡ് എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയും തളിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it