kannur local

പെരുമണ്ണ് -പൊറോറ കടവില്‍ തോണിയാത്ര തന്നെ ആശ്രയം



ഇരിക്കൂര്‍: തോണിയില്‍ കടവുകടന്ന് സ്‌കൂളുകളിലും കോളജുകളിലും പോവുന്ന കുട്ടികളെയോര്‍ത്ത് മനസ്സില്‍ തീയുമായി കഴിയുന്നവരാണ് പൊറോറയിലെയും പരിസരങ്ങളിലെയും രക്ഷിതാക്കള്‍. മട്ടന്നൂര്‍ നഗരസഭയിലെ പൊറോറ, പെരിയച്ചൂര്‍, മുള്ള്യം, കരിത്തൂര്‍പറമ്പ് എന്നിവിടങ്ങളിലെ കുട്ടികളാണ് വിവിധ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോവാന്‍ തോണിയെ ആശ്രയിക്കുന്നത്. പൊറോറ-പെരുമണ്ണ് കടവിലാണ് ഈ സാഹസിക യാത്ര. ഇരിക്കൂറിലെ കമാലിയ യു പി സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരുവളത്തുപറമ്പ് റഹ്്മാനിയ്യ യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പടിയുര്‍ പഞ്ചായത്തിലെ സിബ്ഗ ആര്‍ട്‌സ് കോളജ്, പെടയങ്ങോട് ഇംഗ്ലീഷ് വാലി പബ്ലിക് സ്‌കൂള്‍, കൂടാളി പഞ്ചായത്തിലെ നായാട്ടുപാറയിലെ പട്ടാന്നൂര്‍ കെപിസി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിട്ടിയിലെ വിവിധ കോളജുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം പോവേണ്ട കുട്ടികള്‍ പുഴ കടന്നുതന്നെ പോവണം. സ്‌കൂളുകളും കോളജുകളുമെല്ലാം തുറക്കുന്നത് മഴക്കാലത്തായതിനാല്‍ പെറോറ-മണ്ണൂര്‍ പുഴയില്‍ വെള്ളം കുടുതല്‍ കയറുകയും കുത്തിയൊഴുകുകയും ചെയ്യാറാണു പതിവ്. പ്രദേശവാസികള്‍ക്ക് മട്ടന്നൂരിലെത്താന്‍ 10 കിലോ മീറ്റര്‍ യാത്ര ചെയ്യണം. ആവശ്യത്തിന് ബസ്സുകളോ ടാക്‌സികളോ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഇരിക്കൂറിനെയാണ്. കൂട്ടികളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, തൊഴിലാളികള്‍, രോഗികള്‍ തുടങ്ങിയ നൂറുകണക്കിനാളുകള്‍ ഇരുകരകളിലുമെത്താന്‍ ഒരു തോണിയെ മാത്രമാണ് ആശ്രയിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് 50 പൈസയും മറ്റുള്ളവര്‍ക്ക് രണ്ടുരൂപയുമാണ് കടത്ത് കൂലി മുന്‍കാലങ്ങളില്‍ വാങ്ങിയിരുന്നത്. രാവിലെയും വൈകീട്ടും നിരവധി ട്രിപ്പുകളില്‍ തോണി നിറയെ യാത്രക്കാരുണ്ടാവും. ഓരോ തവണയും മുപ്പതോളം യാത്രക്കാര്‍ കയറും. പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനൊപ്പം തോണിയാത്രയും ആശങ്കയിലാവും. യാത്രക്കാര്‍ ശ്രദ്ധയോടെ നിന്നില്ലെങ്കില്‍ വന്‍ദുരന്തത്തിന് തന്നെ ഇടയാക്കും. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ പെടുന്ന മട്ടന്നൂര്‍ നഗരസഭയേയും പടിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇവിടെ ഒരു ചെറുപാലമെങ്കിലും അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനായി നാട്ടുകാരും സംഘടനകളും മുട്ടാത്ത വാതിലുകളില്ല. ഇതിനുശേഷം ശ്രമം തുടങ്ങിയ മണ്ണൂര്‍, പാവന്നൂര്‍കടവ്, മുനമ്പുകടവ് എന്നിവിടങ്ങളില്‍ പാലങ്ങള്‍ അനുവദിച്ച് പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തിട്ടും ഇവിടത്തുകാരുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല. വലിയ പാലമില്ലെങ്കില്‍ തൂക്കുപാലമോ നടപ്പാലമോ അനുവദിച്ചാലും മതിയെന്നുവരെ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഒരു പാലത്തിനായി ഇനിയെത്ര നാള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം.
Next Story

RELATED STORIES

Share it