kozhikode local

പെരുന്നാള്‍ തലേന്ന് ബീച്ചിലെ പോലിസ് അതിക്രമം ; കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം



കോഴിക്കോട്: പെരുന്നാള്‍ തലേന്ന് ബീച്ചില്‍ പോലിസ് നടത്തിയ തേര്‍വാഴ്ചക്കെതിരേ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ഏതാനും യുവാക്കള്‍ ബീച്ചില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ പേരില്‍ പോലിസ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളെ ലാത്തിചാര്‍ജ്ജ് നടത്തുകയും വാഹനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി കെ ടി ബീരാന്‍കോയ(ലീഗ്) ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. യുവാക്കള്‍ അതിരുവിട്ടിട്ടുണ്ടെങ്കില്‍ ആരും അതിനെ ന്യായീകരിക്കില്ല. എന്നാല്‍ പോലിസ് അതിരുവിടുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഭീകരാവസ്ഥ ഉണ്ടാകുമായിരുന്നില്ല. ബീരാന്‍കോയ ചൂണ്ടിക്കാട്ടി. നിരപാരിധികളെ വേട്ടയാടിയ പോലിസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് സി അബ്ദുറഹിമാന്‍ പറഞ്ഞു. സുരക്ഷിതത്വത്തിന്റെ പേരില്‍ ബീച്ച് റോഡില്‍ എത്തിയവരെയെല്ലാം പോലിസ് തലങ്ങും വിലങ്ങും അടിച്ചോടിക്കുകയായിരുന്നു. സുരക്ഷിതത്വം ഏര്‍പ്പെടുത്താനെന്ന വ്യാജേന ബീച്ച് റോഡ് അടച്ചിടുന്ന പോലിസ് നടപടി അംഗീകരിക്കാനാവില്ലെന്ന് അഡ്വ.തോമസ് മാത്യു(ജനതാദള്‍) പറഞ്ഞു. ഈ വിഷയം ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. നഗരത്തില്‍ മാവൂര്‍റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാവൂര്‍റോഡ്, രാജാജി റോഡ്, ശ്രീകണ്‌ഠേശ്വരക്ഷേത്രം റോഡ് എന്നിവിടങ്ങളിലാണ് മഴ പെയ്താല്‍ കൂടുതല്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെടുന്നതെന്ന് ജയശ്രീ കീര്‍ത്തി (ജനതാദള്‍) ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തി ല്‍ പറഞ്ഞു. മാവൂര്‍റോഡിലെ ഓവുചാലുകളിലെ മണ്ണെടുക്കാന്‍ യുഎല്‍സിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഓടകളുടെ ഉത്ഭവ സ്ഥലങ്ങല്‍ നിന്ന് മണ്ണെടുക്കുന്നത് ഇന്നുതന്നെ പൂര്‍ത്തിയാക്കും. മറ്റുള്ള സ്ഥലങ്ങളിലും ഓവുചാലുകള്‍ വൃത്തിയാക്കും. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് മേയര്‍ അറിയിച്ചു.നഗരത്തിലെ െ്രെഡനേജുകളിലേക്ക് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മലിനജലം ഒഴുക്കിവിടുന്നത് സ്ഥിരം സംഭവമാണെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും കെ കെ റഫീഖ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ബി കെ കനാലിലേക്കും മാലിനജലം തുറന്നുവിടുന്നുണ്ടെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ആശുപത്രികളില്‍നിന്നുള്ള മലിനജലവും ഓടകളിലേക്ക് ഒഴുക്കിവിടുന്നത് പതിവാണെന്ന് ടി വി ലളിതപ്രഭ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും 50,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും ഹെല്‍ത്ത് ഓഫീസര്‍ വിശദീകരിച്ചു. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതും മലിനജലം ഒഴുക്കിവിടുന്നതും തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ സിസിടിവി സ്ഥാപിക്കണം. കോര്‍പറേഷനിലെ ഈ പദ്ധതിവര്‍ഷത്തെ പ്രിന്റിങ് ജോലികള്‍ കുടുംബശ്രീ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് ഏല്‍പിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട അജണ്ട പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് മാറ്റിവെച്ചു. സപ്ലിമെന്ററിയായാണ് അജണ്ട വന്നിരുന്നത്. സഹകരണസ്ഥാപനങ്ങള്‍ക്ക് എന്ന പോലെ കുടുംബശ്രീ സ്ഥാപനങ്ങള്‍ക്കും പ്രിന്റിങ് ജോലികള്‍ നല്‍കാം എന്ന സര്‍ക്കാറിന്റെ നിര്‍ദേശം വളച്ചൊടിച്ച് കുടുംബശ്രീ സ്ഥാപനത്തിന് മാത്രമായി നല്‍കാനായിരുന്നു അണിയറയില്‍ ശ്രമം നടന്നത്. കെ ടി ബീരാന്‍കോയ(ലീഗ്), അഡ്വ. പി എം നിയാസ് എന്നിവര്‍ ഇതിനെ എതിര്‍ത്തു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സ്ഥാപനത്തെ തെരഞ്ഞെടുക്കേണ്ടതെന്ന് അവര്‍ വാദിച്ചു. സപ്ലിമെന്ററി അജണ്ടയായതിനാല്‍ മാറ്റിവെക്കണമെന്ന് പി കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. പ്രിന്റിങ് ജോലികള്‍ക്ക് കാലതാമസം വരുമെന്നതിനാലാണ് അജണ്ട പരിഗണിക്കുന്നതെന്ന് കെ വി ബാബുരാജ് (സിപിഎം) വാദിച്ചു. സപ്ലിമെന്ററി അജണ്ട കൗണ്‍സില്‍ യോഗത്തില്‍ പൂര്‍ണമായും വായിക്കണമെന്നും അംഗങ്ങളുടെ സംശയം ദുരീകരിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് സി അബ്ദുറഹിമാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായതിനെതുടര്‍ന്ന് അജണ്ട മാറ്റിവെക്കുന്നതായി മേയര്‍ അറിയിച്ചു. കോര്‍പറേഷനില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ 1.5 ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് കടന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്ന രാഷ്ട്രീയ പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് വോട്ടിനിട്ട് പാസാക്കി. പൂളക്കടവിലെ ഇറിഗേഷന്‍ കനാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് സൈഫണ്‍ സിസ്റ്റത്തിലേക്ക് മാറ്റി നിര്‍മിക്കണമെന്ന് പി ബിജുലാല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ നടപ്പാക്കുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നവീകരണത്തിന് ഇത് ആവശ്യമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it