പെരിയാറില്‍ വെള്ളമൊഴിഞ്ഞ് തുരുത്ത് രൂപപ്പെട്ടു

അബ്ദുല്‍ ഖാദര്‍ പേരയില്‍

ആലുവ: കേരളത്തെ തകര്‍ത്ത പ്രളയത്തിനു പിന്നാലെ പെരിയാറിന് രൂപമാറ്റം സംഭവിക്കുന്നു. പെരിയാറില്‍ ജലമൊഴിഞ്ഞ് മണല്‍ത്തുരുത്ത് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം മുതലാണ് പെരിയാറിലെ ആലുവ ഭാഗത്ത് മണല്‍ത്തിട്ട രൂപംകൊണ്ടത്. മധ്യഭാഗത്തായിട്ടാണ് 1500 മീറ്ററോളം നീളത്തിലും 15 അടിയിലേറെ വീതിയിലും മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം വന്‍തോതില്‍ വെള്ളം കുറഞ്ഞിട്ടുമുണ്ട്.  വേലിയിറക്ക സമയത്തുണ്ടായ അപൂര്‍വ പ്രതിഭാസത്തിന് വേലിയേറ്റസമയത്ത് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഒരു മാറ്റവും ഈ സമയത്തും ഉണ്ടാവാത്തത് ജനങ്ങളില്‍ ഏറെ ആശങ്കയുളവാക്കി. ഈ നിലയില്‍ വെള്ളക്കുറവുണ്ടായാല്‍ കടലില്‍ നിന്ന് ഉപ്പുവെള്ളം വന്‍തോതില്‍ പെരിയാറിലേക്കെത്താന്‍ സാധ്യതയേറെയാണ്. ഇത് കാര്‍ഷികമേഖലയെ കാര്യമായി ബാധിക്കും. പെരിയാറിലെ വെള്ളക്കുറവ് ഈ മേഖലയിലെ കിണറുകളിലെ വരള്‍ച്ചയും വ്യാപകമാക്കുമെന്ന് ഉറപ്പായിട്ടുണ്ട്.  രണ്ടാഴ്ച ആയിരങ്ങളെ വെള്ളത്തിലാക്കിയ പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ആശങ്കാജനകമാണെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. പ്രളയശേഷം പെരിയാറിനു സംഭവിച്ച രൂപമാറ്റം വിദഗ്ധ പഠനങ്ങള്‍ക്കു വിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it