ernakulam local

പെരിയാറില്‍നിന്ന് അനധികൃത മണല്‍ കടത്ത്; ഒരാള്‍ പിടിയില്‍

ആലുവ: പോര്‍ട്ട് ട്രസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീടു നിര്‍മാണത്തിനായി പെരിയാറില്‍നിന്നും അനധികൃതമായി മണല്‍ വാരുന്നതിനിടെ മണല്‍ വഞ്ചിയും തൊഴിലാളിയും പിടിയിലായി. കാഞ്ഞൂര്‍ കൈപ്ര സ്വദേശി അനൂപ് (28)നെയാണ് പോലിസ് പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പെരിയാറില്‍നിന്നും അനധികൃതമായി മണല്‍ വാരുന്നതായി കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസെത്തിയത്. പോലിസിനെ കണ്ടയുടന്‍ പുഴയില്‍ നിന്നും മണല്‍ വഞ്ചിയിലേക്ക് നിറച്ചിരുന്നവരും വഞ്ചിയില്‍നിന്നും സമീപത്തെ നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് ചുമന്നിരുന്നവരും നീന്തി രക്ഷപ്പെട്ടു.
നീന്തലറിയില്ലാത്ത ഇടനിലക്കാരനാണ് പിടിയിലായ അനൂപ്. ആലുവ ജിസിഡിഎ കോളനിക്ക് സമീപം പെരിയാര്‍ തീരത്താണ് പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥന്‍ വീട് നിര്‍മിക്കുന്നത്. ഇവിടേക്ക് ആവശ്യമായ മണല്‍ പെരിയാറില്‍നിന്നും അനധികൃതമായി വാരുകയാണെന്ന് നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ രഹസ്യ നിരീക്ഷണം നടത്തിയാണ് മണല്‍ കടത്ത് പിടികൂടിയത്.
ഇന്നലെ വാരിയ മണലില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയിരുന്നു. ബാക്കി വഞ്ചിയിലുണ്ടായിരുന്നു. പിന്നീട് സ്ഥലത്ത് ആലുവ പോലിസ് കാവല്‍ ഏര്‍പെടുത്തി. മണല്‍ കേസില്‍ ആരോപണ വിധേയനായ പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥന്‍ നാലു മാസങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ തീരം കൈയേറി മതില്‍ കെട്ടിയത് വിവാദമായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമം ഉന്നത പോലിസ്- രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
കൈയേറി നിര്‍മിച്ച മതില്‍ പൊളിപ്പിച്ച ശേഷമാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്. തൊട്ടുപിന്നാലെയാണ് മണല്‍ കടത്തും പിടികൂടിയത്.
Next Story

RELATED STORIES

Share it