പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവം: സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍

ചെന്നൈ/ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ പെരിയാര്‍ പ്രതിമ തകര്‍ത്ത കേസില്‍ സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍. ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സെന്തില്‍ കുമാറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ഇയാള്‍ മനോരോഗ ചികില്‍സയ്ക്ക്് വിധേയനായിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
സെന്തില്‍കുമാര്‍ മദ്യപിച്ച അവസ്ഥയില്‍ പെരിയാര്‍ പ്രതിമ തകര്‍ക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷമാണ് അയാളെ വിധൃതി ഗ്രാമത്തിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പുതുക്കോട്ട ജില്ലാ പോലിസ് അറിയിച്ചു. ഈ മാസം 14 മുതല്‍ 30 ദിവസത്തെ അവധിയിലായിരുന്ന കുമാറിനെ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നു സിആര്‍പിഎഫ് അറിയിച്ചു.
കുമാറിനെ അറസ്റ്റ് ചെയ്ത വിവരം മുഖ്യമന്ത്രി കെ പളനിസ്വാമി തമിഴ്‌നാട് നിയമസഭയെ അറിയിച്ചു. ഫെബ്രുവരി മുതല്‍ സേനാ ആശുപത്രിയില്‍ കുമാര്‍ മനോരോഗ ചികില്‍സയിലായിരുന്നുവെന്നു സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീസ്ഗഡില്‍ നിയമിതനായ കുമാര്‍ ജന്മഗ്രാമത്തില്‍ അവധിയില്‍ എത്തിയതായിരുന്നുവെന്നു പളനിസ്വാമി പറഞ്ഞു. നേതാക്കളുടെ പ്രതിമ തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
2013ല്‍ തന്റെ വസതിക്കടുത്തു പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത കുമാര്‍ അതു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയിരുന്നുവെന്നും പോലിസിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it