Idukki local

പെരിയാര്‍ ടൗണില്‍ വീണ്ടും അനധികൃത നിര്‍മാണം



വണ്ടിപ്പെരിയാര്‍: പഞ്ചായത്തും റവന്യൂ വകുപ്പും തടഞ്ഞ സ്ഥലത്ത് സ്വകാര്യ വ്യക്തി വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നു.പെരിയാര്‍ ടൗണി ല്‍ ദേശീയ പാതയോട് ചേര്‍ന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലാണ് സ്വകാര്യ വ്യക്തി അവധിയുടെ മറവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.ആറുമാസം മുന്‍പ് പുറമ്പോക്ക് ഭൂമിയിലെ നിര്‍മ്മാണം പഞ്ചായത്തും റവന്യൂ വകുപ്പും തടഞ്ഞിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വീണ്ടും നിര്‍മ്മാണം നടത്തുന്നതായാണ് ആക്ഷേപം. ജില്ലാ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു സമീപത്താണ് സ്വകാര്യ വ്യക്തി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.ഇവിടെ ഇയാള്‍ക്ക് കുറച്ച് സ്ഥലത്തിന് മാത്രം പട്ടയമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പുനര്‍നിര്‍മ്മിക്കാനെന്ന വ്യാജേനയാണ് ഓടയ്ക്ക് മുകളില്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു സമീപത്തായി സ്വകാര്യ പണമിടപാട് സ്ഥാപനവും, കാപ്പിപ്പൊടി ഔട്ട് ലെറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഇഷ്ടിക കെട്ട് പൊളിക്കാനും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പൊളിച്ചു നീക്കിയില്ല.കഴിഞ്ഞ ദിവസം ഇതിന് മുകളില്‍ ഷീറ്റ് വിരിച്ചതോടെയാണ് പരാതിയായത്. ഓടകള്‍ പഞ്ചായത്തിന്റെ അധികാര പരിധിയിലാണെന്നാണ് റവന്യു വകുപ്പ് വിശദീകരണം. അനധികൃത നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് നല്‍കാതെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. ടൗണില്‍ മഴക്കാലത്ത് ഈ ഓടയിലൂടെയാണ് വെള്ളം ഒഴുകുന്നത് .പെരിയാര്‍ നദിയുടെ കൈത്തോടായ ചോറ്റുപാറതോട്ടിലേക്കാണ് ഈ വെള്ളം പോകുന്നത്. ഓട അടഞ്ഞാല്‍ വെള്ളം ഒഴുകുന്നത് തടസപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ കട പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് ഇതെന്നും അറ്റകുറ്റപണി മാത്രമാണ് നടത്തുന്നതെന്നുമാണ് സ്വകാര്യ വ്യക്തിയുടെ വിശദീകരണം.
Next Story

RELATED STORIES

Share it