kasaragod local

പെരിയയില്‍ കെഎപി ബറ്റാലിയന് 25 ഏക്കര്‍ റവന്യൂ ഭൂമി ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: പെരിയയില്‍ കെഎപി ബറ്റാലിയനുവേണ്ടി 25 ഏക്കര്‍ റവന്യു സ്ഥലം ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. കണ്ണൂരിനടുത്ത ധര്‍മശാലയില്‍ നിലവില്‍ കെഎപി ബറ്റാലിയന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
വിശാലമായ ഭൗതിക സൗകര്യമുള്ള ഇവിടെ പോലീസുകാര്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്. സമാന രീതിയില്‍ പെരിയയില്‍ പുതുതായി കെഎപി ബറ്റാലിയന്‍ ക്യാമ്പ് സ്ഥിരമായി സ്ഥാപിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പെരിയക്കടുത്ത് നിടുവോട്ടുപാറയില്‍ കെഎപി നാലാം ദളം ഡിറ്റാച്ച്‌മെന്റ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രമസമാധാന പാലനത്തിനു ധര്‍മശാലയിലെ കെഎപി ക്യാമ്പില്‍ നിന്നെത്തുന്ന പോലീസുകാരുടെ വിശ്രമ സങ്കേതമാണിത്. 18 ഏക്കര്‍ സ്ഥലമാണ് കെഎപി നാലാം ദളം ഡിറ്റാച്ച്‌മെന്റ് ക്യാമ്പിന് റവന്യു വകുപ്പ് വിട്ടുകൊടുത്തത്. പുതുതായി കെഎപി ബറ്റാലിയന്‍ ക്യാമ്പിന് ഇതിനു സമീപത്ത് 25 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നാണ് ആഭ്യന്ത വകുപ്പിന്റെ കത്ത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇവിടെ ഇത്രയധികം സ്ഥലമില്ലെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ മറ്റെവിടെയെങ്കിലും 25 ഏക്കര്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പിലെ സര്‍വേ വിഭാഗം. കാസര്‍ഗോഡ് ജില്ലയിലെ ക്രമസമാധാന നില പലപ്പോഴും വഷളാകുന്ന സാഹചര്യത്തിലാണ് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഏതു സാഹചര്യത്തിലും എത്തിപ്പെടാന്‍ പാകത്തില്‍ കെഎപി ബറ്റാലിയനു പുതിയ ക്യാമ്പ് സജ്ജികരിക്കാന്‍ ആഭ്യന്തര വകുപ്പ് തിരുമാനിച്ചത്.
Next Story

RELATED STORIES

Share it