malappuram local

പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് നാഥനില്ല

പെരിന്തല്‍മണ്ണ: ജില്ലയുടെ കിഴക്കന്‍ മേഖല ഉള്‍പെടുന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് നാഥനില്ല. പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന്‍ ആസ്ഥാനത്ത് ആര്‍ഡിഒയും സബ് കലക്ടറും പടിയിറങ്ങിയിട്ട് മാസങ്ങളായി. ജാഫര്‍ മാലിക് സബ് കലക്ടറായി വന്നുപോയ ഒരുവര്‍ഷത്തിനിടയില്‍ ഏതാനും മാസത്തേക്ക് മാത്രമാണ് ആര്‍ഡിഒ കസേരയില്‍ അജീഷ് കുന്നത്ത് എന്ന ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നത്. അദ്ദേഹം പോയിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോള്‍ റവന്യു ഡിവിഷന് നാഥനില്ലാത്ത അവസ്ഥയാണ്. സബ് കലക്ടര്‍ പോയ ഉടന്‍ ഡോ. ജെ ഒ അരുണിന് താല്‍കാലിക പദവി നല്‍കിയിരുന്നു. പിന്നീടാണ് അജീഷ് എത്തിയത്. അജീഷ് പോയതോടെ ദേശീയപാത സ്ഥലമെടുപ്പ് ചുമതലയുള്ള അരുണിന് വീണ്ടും ആര്‍ഡിഒയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇദ്ദേഹം ആഴ്ചയില്‍ നിശ്ചിത ദിവസം മാത്രം എത്തുന്നതിനാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം പുര്‍ത്തീകരിക്കാനാവുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
നഗരത്തിന്റെ മുഖം വികൃതമാക്കുന്ന തുരുമ്പിച്ച തൊണ്ടി വാഹനങ്ങള്‍ മൂന്ന് ഭാഗത്തായി കുന്നുകൂട്ടിയത് മാറ്റിക്കിട്ടുന്നതിന് നടപടിക്കായി ആര്‍ഡിഒയെ കാണാന്‍ ഇറങ്ങിയ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന് ഏതാനും ദിവസമായിട്ടും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പഴയ വാഹനകുമ്പാരം നീക്കുന്നത് സംബന്ധിച്ച കത്ത് ഓഫിസില്‍ കൊടുത്ത് മടേങ്ങണ്ടി വന്നു. ഇതുതന്നെയാണ് സാധാരണ ജനത്തിന്റെയും ഗതികേട്. പൊതുവഴി സംബന്ധിച്ച തര്‍ക്കങ്ങള്‍, ജനന, മരണ രജിസ്‌ട്രേഷനിലെ പാകപിഴകള്‍ തിരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ഭൂമി അതിര് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങി ആയിരകണക്കിന് കേസുകളില്‍ തീര്‍പ്പാക്കാനുള്ള അധികാരം ആര്‍ഡിഒക്ക് മാത്രമാണ്.
ജില്ലയുടെ കിഴക്കന്‍ പകുതിയില്‍ നിന്നുള്ള വില്ലേജുകളിലെ ജനം ഇത്തം കേസുകളില്‍ തീര്‍പ്പ് പ്രതീക്ഷിച്ച് ആര്‍ഡിഒയുടെ വരവിനായി കാത്തിരിക്കുകയാണ്. അതേസമയം, പുതുതായി ഐഎഎസ് ലഭിച്ചവര്‍ പെരിന്തല്‍മണ്ണയില്‍ സബ് കലക്ടറായി എത്തുന്നതിനാലാണ് ആര്‍ഡിഒ നിയമനം നീളുന്നതെന്ന സംസാരം റവന്യൂവിഭാഗം ജീവനക്കാര്‍ക്കിടയിലുണ്ട്.

Next Story

RELATED STORIES

Share it