malappuram local

പെരിന്തല്‍മണ്ണ ടൗണ്‍ഹാള്‍ താല്‍ക്കാലികമായി അടയ്ക്കുന്നു

പെരിന്തല്‍മണ്ണ: നഗരസഭയുടെ കീഴിലുള്ള മൂസക്കുട്ടി സ്മാരക ടണ്‍ഹാള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു. ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്‌സിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ കെട്ടിടം പൊളിച്ച് തല്‍സ്ഥാനത്ത് ആധുനിക അക്കാദമിക് സ്റ്റോക്ക് പണിയുന്നതിന്റെ ഭാഗമായി 22 ഓളം ക്ലാസ് മുറികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ടൗണ്‍ഹാള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാറിന്റെ പൂര്‍ണ പിന്‍തുണയോടെ നഗരസഭയാണ് ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്‌സിലെ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനെ ഹൈടെക് വിദ്യാലയമാക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. ഇതിനായി 20 കോടി രൂപയുടെ ഒരു ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ആധുനീകരിച്ച്് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന് 4.50 കോടി രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. രണ്ടാംഘട്ടമായാണ് പഴയ ഹൈസ്‌കൂള്‍ ബ്ലോക്ക് പൂര്‍ണമായും പൊളിച്ച് തല്‍സ്ഥാനത്ത് 25 ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളുമടങ്ങുന്ന നാല് നിലയുള്ള അക്കാദമിക് ബ്ലോക്ക് പണിയുന്നത്.
5.79 കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക്— അഞ്ചുകോടി സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും ബാക്കി 79 ലക്ഷം നഗരസഭാ ഫണ്ടില്‍ നിന്നുമാണ് നല്‍കുന്നത്. പഴയ ബ്ലോക്ക് പൊളിച്ച് പുതിയ ബ്ലോക്ക് പണിയുന്നതുവരെയുള്ള ഒരു വര്‍ഷക്കാലം ഹൈസ്‌കൂള്‍ വിഭാഗത്തിനായി 22 ക്ലാസ് മുറികള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ട ചുമതല നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്രൗണ്ടിനടുത്തുള്ള പ്രസിഡന്‍സി ക്ലബിന്റെ പുതുതായി പണി പൂര്‍ത്തീകരിച്ച കെട്ടിടം നഗരസഭ വാടകയ്‌ക്കെടുത്തത്. ഈ കെട്ടിടത്തില്‍ 12ക്ലാസുകള്‍ നടത്താനും ബാക്കി വരുന്ന 10 ക്ലാസുകള്‍ ഇതിനോട് തൊട്ടുള്ള ടൗണ്‍ഹാളില്‍ പ്രവര്‍ത്തിപ്പിക്കാനുമാണ് തീരുമാനം.
ഈ വര്‍ഷത്തിനുള്ളില്‍ തന്നെ ടൗണ്‍ഹാളിന് പുതിയ പ്ലാന്‍ തയ്യാറാക്കി, ഭരണ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. അതോടെ പഴയ ടൗണ്‍ഹാള്‍ അടുത്ത ഏപ്രില്‍ മാസത്തില്‍ പൊളിക്കേണ്ടി വരും. ഇതിന്റെ നിര്‍മാണത്തിന് ഒരു വര്‍ഷം വേണ്ടിവരുമെന്ന് കരുതുന്നു. ഇതുപ്രകാരം പുതിയ ടൗണ്‍ ഹാള്‍ പ്രവൃത്തി പൂര്‍ത്തികരിക്കുമ്പോള്‍ മാത്രമേ ഇനി ടൗണ്‍ ഹാളിന്റെ ഉപയോഗത്തിന് ഇത് വിട്ടുനല്‍കാനാവൂവെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it