malappuram local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി : സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉടന്‍ തുറക്കും



പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ ബ്ലോക്ക് ഉടന്‍ തുറന്നുകൊടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് അടിയന്തര നടപടികളാരംഭിച്ചു. ജുലൈ മധ്യത്തോടെ കുട്ടികളുടെ ഒപിയും ഐപിയും സ്ത്രീകളുടെ ഒപിയും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. ഇതിനനുസരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് മാത്രമായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ഗവ. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ സമയത്ത് അധികമായി അനുവദിച്ചിരുന്ന ജീവനക്കാരുടെ തസ്തികകള്‍ ഭരണ മാറ്റത്തിന് ശേഷം മരവിപ്പിച്ചതായി യോഗത്തില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു. സര്‍ക്കാരില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള നടപടി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് അത്യാവശ്യ ജീവനക്കാരെയും ജില്ലാ പഞ്ചായത്ത് നിയമിച്ചുകൊണ്ട് പുതിയ വാര്‍ഡുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുവാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഒറ്റയടിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ഒപിയും ഐപിയും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് പകരം ആദ്യഘട്ടത്തില്‍ കുട്ടികളുടെയും ഒപിയും ഐപിയും സ്ത്രീകളുടെ ഒപിയും (ഗൈനക്കോളജി) ഒരു മാസത്തിന് ശേഷം ഗൈനക്കോളജി ഐപിയും മാറ്റുന്നതിന്ന് തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 കോടി ജില്ലാ പഞ്ചായത്ത് അനുവദിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, കെ പി ഹാജറുമ്മ, മെംബര്‍ സലീം കുരുവമ്പലം, സൂപ്രണ്ട് ഡോ. ഷാജി, ആര്‍എംഒ ഡോ. മുരളീധരന്‍, ഡോ. അബൂബക്കര്‍ തയ്യില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it