malappuram local

പെരിന്തല്‍മണ്ണയില്‍ വീണ്ടും ലോകറെക്കോഡ്

പെരിന്തല്‍മണ്ണ: ശ്വാസമടക്കിപ്പിടിച്ച് നാടും നഗരവും കാത്തിരുന്ന അര മണിക്കൂറിനൊടുവില്‍ പെരിന്തല്‍മണ്ണയില്‍ പിറന്നത് ലോക റെക്കോഡ്. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം സലീം, വിന്നര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപകനും മുഖ്യ പരിശീലകനുമായ ഡോ. വിന്നര്‍ ഷെരീഫ്, രാജേഷ് മാര്‍ത്താണ്ഡം എന്നിവരുടെ നേതൃത്വത്തിലാണ് ലോക റെക്കോഡ് പ്രകടനം നടന്നത്.
രാജേഷ് മാര്‍ത്താണ്ഡം കാറിനു മുകളില്‍ ശീര്‍ഷാസനത്തിലും ഡോ.വിന്നര്‍ ഷെരീഫ് കണ്ണുകെട്ടി കാറോടിച്ചിമായിരുന്നു ലോക റെക്കോട് ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കു സമീപത്തുനിന്നു ആരംഭിച്ച സാഹസിക യാത്ര ബൈപാസ് റോഡില്‍ വള്ളുവനാട് സാംസ്‌കാരിക മഹോല്‍സവ വേദിയിലാണ് സമാപിച്ചത്. ജീവിതത്തിനും മരണത്തിനുമിടക്കുള്ള സാഹസിക പ്രകടനം കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്. വള്ളുവനാട് തനിമ സാംസ്‌കാരിക മഹോല്‍സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടൊപ്പം ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു ലോക റെക്കോഡ് സാഹസിക യാത്ര. റെക്കോഡ് പ്രകടനം നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം നേരത്തേ ലഭിച്ചിരുന്നു. തുടര്‍ന്ന് ജഡ്ജ്‌മെന്റിന്റെ എല്ലാവിധ പരിശോധനകള്‍ക്കും വിധേയമായ ശേഷമാണ് സാഹസിക പ്രകടനം ആരംഭിച്ചത്. യുആര്‍എഫ് അഡ്ജൂഡിക്കേറ്റും ഗിന്നസ് റെക്കോഡ് ഹോള്‍ഡറുമായ സത്താര്‍ ആദൂരാണ് റെക്കോഡ് പ്രകടനം വിലയിരുത്താനെത്തിയത്. തുടര്‍ന്ന് വേദിയില്‍ തന്നെ വേള്‍ഡ് റെക്കോര്‍ഡ് ജേതാക്കള്‍ക്ക് യുആര്‍എഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. വിന്നര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ നേരത്തെ അഞ്ച് റെക്കോഡുകള്‍ നേടി പെരിന്തല്‍മണ്ണ ചരിത്രത്തിലിടം പിടിച്ചിരുന്നു.
ഹോളിവുഡ് ചാനലുകളിലും മറ്റും കണ്ടുവരുന്ന തരത്തിലുള്ള സാഹസിക പ്രകടനത്തിനാണ് പെരിന്തല്‍മണ്ണയിലെ ജനം ഇന്നലെ സാക്ഷ്യംവഹിച്ചത്. പെരിന്തല്‍മണ്ണയെ ലോക നെറുകയിലെത്തിച്ച് വള്ളുവനാടന്‍ തനിമ സാംസ്‌കാരിക മഹോല്‍സവത്തിനും തുടക്കമായി.
Next Story

RELATED STORIES

Share it