malappuram local

പെരിന്തല്‍മണ്ണയില്‍ ലഭിച്ചത് 83 പരാതികള്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ചത് 83 പരാതികള്‍. 22 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിച്ചിരുന്നു. ഇന്നലെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജനസമ്പര്‍ക്ക വേദിയില്‍ പുതിയ 61 പരാതികളാണ് ലഭിച്ചത്.
ഇതില്‍ കൂടുതലും ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ജില്ലാ കലക്ടര്‍ അമിത് മീണ പരാതികളില്‍ നേരിട്ട് തീര്‍പ്പുകല്‍പിച്ചു. ചില പരാതികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ഭവന നിര്‍മാണ പരാതികള്‍ക്കുപുറമെ ബാങ്ക്, വിദ്യാഭ്യാസ വായ്പ, എപിഎല്ലില്‍ നിന്നു ബിപിഎല്ലിലേയ്ക്കു മാറ്റുന്നത്, ചികില്‍സാ സഹായം, പട്ടയം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. മുതുകുര്‍ശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന സേവന ചാരിറ്റബിള്‍ സൊസൈറ്റിയുടെ അപേക്ഷ പരിഗണിച്ച് പെരിന്തല്‍മണ്ണ രാമന്‍ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം നിര്‍മിക്കുന്ന തടയണ, അലിഗഡ് യുനിവേഴ്സിറ്റിക്കും മറ്റും പ്രയോജനം ലഭിക്കുന്ന രീതിയില്‍ നിര്‍മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വേദിയിലെത്തുന്നതിനു സംഘാടകര്‍ സൗകര്യങ്ങള്‍ ചെയ്തിരുന്നു. വേദിയിലേക്ക് വിളിച്ചുവരുത്താതെ ഇത്തരം ആളുകളുടെ സമീപമെത്തി ജില്ലാ കലക്ടര്‍ പരാതി പരിശോധിച്ചു.  ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, പി കെ രമ, നിര്‍മല കുമാരി, പ്രസന്ന കുമാരി, തഹല്‍സില്‍ദാര്‍ എന്‍ എം മെഹറലി, അഡി.തഹല്‍സില്‍ദാര്‍ കെ ലത തുടങ്ങിയവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it