malappuram local

പെരിന്തല്‍മണ്ണയില്‍ രണ്ടാംഘട്ട ട്രാഫിക് പരിഷ്‌കാരം തുടങ്ങി



പെരിന്തല്‍മണ്ണ:  നഗരത്തിലെ ട്രാഫിക്ക് കുരുക്ക് പരിഹരിക്കാനും ബസ് സ്റ്റാന്റുകള്‍ സജീവമാക്കാനുദ്ദേശിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ട്രാഫിക്ക് പരിഷ്‌ക്കാരത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി.  നഗരത്തില്‍ നടപ്പാവുന്ന പുതിയ പരിഷ്‌ക്കാരത്തിന്റെ പ്രയാസങ്ങള്‍ ഇന്ന് അറിയാം.  നിലവിലുള്ള പരിഷ്‌ക്കാരം മാറ്റാന്‍  ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് ഗതാഗത പരിഷ്‌ക്കാരം. നഗരത്തില്‍ അടുത്തടുത്തായുള്ള ബസ് സ്‌റ്റോപ്പകള്‍ സൃഷ്ടിക്കുന്ന ട്രാഫിക്ക് പ്രശ്‌നം പരിഹരിക്കാനായി 5 ബസ്സറ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ചത്. കോഴിക്കോട് റോഡ് മാനത്ത് മംഗലംബൈപ്പാസിലെ എല്ലാ ബസ്സ് സ്‌റ്റോപ്പുകളും എടുത്ത് കളയും. ബൈപ്പാസ് ജംഗ്ഷനിലുള്ള ബസ്സ് സ്‌റ്റോപ്പ്, ബൈപ്പാസ് ബസ്റ്റാന്റിനു മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ്, ബൈപ്പാസിലെ ചിരട്ട മണ്ണ അല്‍ശിഫ ജംഗ്ഷനിലെ ബസ്സ് സ്‌റ്റോപ്പ് എന്നിവയും മറ്റു അനധികൃതമായതുമായ ബൈപ്പാസിലെ മുഴുവന്‍ ബസ്സ് സ്‌റ്റോപ്പുകളും ഒഴിവാക്കും. ബൈപ്പാസില്‍ ബസ്സ് പ്രവേശിച്ചാല്‍ ബൈപ്പാസ് ബസ്റ്റാന്റില്‍ മാത്രമേ സ്‌റ്റോപ്പ് ഉണ്ടാകൂ. ഇതോടെ ബൈപ്പാസിലെ ട്രാഫിക്ക് കുരുക്കിന് നല്ലയളവില്‍ പരിഹാരമാകും. ഇതിന് പുറമെ ഊട്ടി റോഡില്‍ മൗലാനാ ഹോസ്പിറ്റലിനു മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ്, കെഎസ്ഇബിക്ക് മുന്‍വശത്തുള്ള ബസ്സ് സ്‌റ്റോപ്പ് എന്നിവയും ഒഴിവാക്കും. ചെര്‍പ്പുളശ്ശേരി പട്ടാമ്പി റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ കോഴിക്കോട് റോഡില്‍ പ്രവേശിച്ച് ബൈപ്പാസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കി പോലീസ് എയ്ഡ് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് കോഴിക്കോട് റോഡിലൂടെ തന്നെ ടൗണിലെത്തി പട്ടാമ്പി  ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോകണം. മണ്ണാര്‍ക്കാട് റോഡില്‍ നിന്നുള്ള ബസ്സുകള്‍ മനഴി ബസ്സ് സ്റ്റാന്റില്‍ പ്രവേശിച്ച് പോലീസ് എയ്ഡ് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് ടൗണിലൂടെ ബൈപ്പാസ് ബസ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് അവിടെ പാര്‍ക്ക് ചെയ്യേണ്ടതും യാത്രക്കാരെ കയറ്റിയിറക്കി പോലീസ് എയ്ഡ് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് കോഴിക്കോട് റോഡ് വഴി ടൗണില്‍ പ്രവേശിച്ച് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകണം. ഇതോടെ ഇടുങ്ങിയ റോഡുള്ള ഊട്ടി റോഡിലെ നിലവിലെ ബസ്സ് റൂട്ട് 70ശതമാനം കുറയുകയും ഗതാഗതക്കുരുക്കിന് പരിഹാരമാക്കുകയും ചെയ്യും. ബൈപ്പാസ് ബസ്റ്റാന്റില്‍ കയറിപ്പോകുന്ന നിലവിലുള്ള രീതി മാറി ബസ്സ് പാര്‍ക്കു ചെയ്യുന്ന രീതി ഇതോടെ നിലവില്‍ വരും. ഇതോടെ ബൈപ്പാസ് ഊട്ടി റോഡിലെ യാത്രക്കാര്‍ക്ക് ബൈപ്പാസ് ബസ്സ് സ്റ്റാന്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും ഇതിലൂടെ ബസ്സ് സ്റ്റാന്റിന്റെ സജീവത ഉറപ്പാക്കാനും കഴിയും. ബസ്സ് സ്‌റ്റോപ്പുകളുടെ ഒഴിവാക്കലും, ക്രമീകരണങ്ങളും കൃത്യമായി നടപ്പാക്കാനായി 15 ഹോം ഗാര്‍ഡുകളെ നഗരസഭയുടെ ചിലവില്‍ നിയമിക്കും. പുതുതായി ഏര്‍പ്പെടുത്തിയ ഈ പരിഷ്‌ക്കാരം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചാല്‍ രണ്ടാഴ്ചക്ക് ശേഷം ഒക്ടോബര്‍ 16 ന് ട്രാഫിക്ക് ക്രമീകരണ സമിതി യോഗം ചേര്‍ന്ന് അവലോകനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും മൂന്നാം ഘട്ട ട്രാഫിക്ക് പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുകയും ചെയ്യാനാണു നീക്കം.
Next Story

RELATED STORIES

Share it