malappuram local

പെരിന്തല്‍മണ്ണയില്‍ പ്രളയം ബാധിച്ചത് 2,618 കുടുംബങ്ങളെ

പെരിന്തല്‍മണ്ണ: താലൂക്കില്‍ പ്രളയം ബാധിച്ചത് 2,618 കുടുംബങ്ങളെ. ഇതില്‍ 1,534 കുടുംബങ്ങള്‍ക്കായി 58.29 ലക്ഷം രൂപയുടെ സഹായധനം നല്‍കിയതായും തഹസില്‍ദാര്‍ എന്‍ എം മെഹറലി ഇന്നലെ ചേര്‍ന്ന താലൂക്ക് സഭയെ അറിയിച്ചു. 14 വീടുകള്‍ ഇതിനകം പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ഷിക മേഖലയില്‍ മാത്രം നാലുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷി അസി.ഡയറക്ടര്‍ എലിസബത്ത് അറിയിച്ചു. പ്രളയശേഷം താലൂക്കില്‍ എലിപ്പനി സംശയത്തില്‍ ആറോളം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രളയദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ രോഗം തടയിടുന്നതിനായുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍എംഒ ഡോ. എസ് ഇന്ദു നിര്‍ദേശിച്ചു. താലൂക്കില്‍ രോഗപ്രതിരോധപ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമെടുത്തു. റോഡുകളില്‍ രൂപപ്പെട്ട കുഴികളടക്കാനും അടിയന്തര നടപടികളെടുക്കും. അതേസമയം, പ്രളയം നേരിട്ട ശേഷമുള്ള ആദ്യ യോഗത്തില്‍ തന്നെ എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമുയര്‍ന്നു. സഭാ അംഗങ്ങളായ ശീലത്ത് വീരാന്‍കുട്ടി, പാലൂര്‍ ഹംസ എന്നിവരാണ് ഇതിനെ രൂക്ഷമായി വിമര്‍ശിച്ചത്. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനായി. മഴക്കെടുതിയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി. സഭയില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it